Erumeli

തുമരംപാറ പട്ടികവർഗ്ഗ കോളനിക്ക് അംബേദ്കർ വികസന പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിച്ചു

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ തുമരംപാറ പട്ടികവർഗ്ഗ കോളനിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 1 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

80ലധികം പട്ടികവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്ന ഈ കോളനി വികസന പിന്നോക്കാവസ്ഥ മൂലം ഏറെ ദുരിതങ്ങൾ അനുഭവിക്കുന്നതാണ്. കോളനിക്കുള്ളിലുള്ള നടപ്പാതകളുടെ നവീകരണം, റോഡ് വികസനം, കുടിവെള്ള വിതരണം, വഴിവിളക്കുകൾ സ്ഥാപിക്കൽ, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം , പഠനമുറികളുടെ നിർമാണം, സംരക്ഷണ ഭിത്തി നിർമ്മാണം, കിണർ നവീകരണം, സാംസ്കാരിക നിലയം നിർമ്മാണം തുടങ്ങിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ഇതിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും, തുമരംപാറ പട്ടികവർഗ്ഗ ഊരുകൂട്ട യോഗം 07.03.2024 വ്യാഴാഴ്ച കോളനിയിൽ വിളിച്ചുചേർത്തിട്ടുണ്ടെന്നും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പ്രസ്തുത യോഗത്തിൽ സംബന്ധിക്കുമെന്നും എംഎൽഎ അറിയിച്ചു.

ഊരുകൂട്ട യോഗത്തിൽ ഒരു കോടി രൂപ വിനിയോഗിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *