Kottayam

സബ് രജിസ്ട്രാർ ഓഫീസുകളിൽ സൗഹൃദസമിതികൾ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കോട്ടയം :രജിസ്‌ട്രേഷൻ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ സബ് രജിസ്ട്രാർ ഓഫീസിലും സൗഹൃദ സമിതികൾ രൂപീകരിക്കുമെന്ന് രജിസ്‌ട്രേഷൻ-മ്യൂസിയം-പുരാവസ്തു- പുരാരേഖാ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

കോട്ടയം ജില്ലയിലെ സബ് രജിസ്ട്രാർമാരുടെയും രജിസ്‌ട്രേഷൻ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെയും കോട്ടയം ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനപ്രതിനിധികളടക്കം സൗഹൃദസമിതികളിലുണ്ടാകും. ഓഫീസിൽ എത്തുന്നവർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർക്കാർ പ്രഖ്യാപിച്ച സെറ്റിൽമെന്റ് പദ്ധതികൾ ഫലപ്രദമാക്കാൻ ജീവനക്കാർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയം റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ലയിലെ 23 സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നുമുള്ള ഉദ്യാഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഓരോ ഓഫീസിലെയും കമ്പ്യൂട്ടർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ അപര്യാപ്തത, നൽകിയ സേവനങ്ങൾ, നടത്തിയ രജിസ്‌ട്രേഷനുകളുടെ എണ്ണം, ഫയൽ തീർപ്പാക്കൽ, ഭരണപരമായ നടപടികളുടെ പുരോഗതി തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തി. സ്വന്തം കെട്ടിടമില്ലാത്ത രജിസ്ട്രാർ ഓഫീസുകളുടെ വിവരങ്ങളും ശേഖരിച്ചു.

രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കെ.സി. മധു, ജില്ലാ രജിസ്ട്രാർ (ജനറൽ) എബി ജോർജ്, ജില്ലാ രജിസ്ട്രാർ ( ഓഡിറ്റ് ) ആശ ജോസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *