കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ ഏഴു നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകൾ നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷൻ നടപടികളാണു പൂർത്തിയായത്.
ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായത്.
റിസർവ് യന്ത്രങ്ങൾ ഉൾപ്പെടെ 4499 വോട്ടിങ് യന്ത്രങ്ങളാണു തെരഞ്ഞെടുത്തത്.
1198 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും വിവിപാറ്റ് യന്ത്രങ്ങളും റിസർവായി 262 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 381 വിവിപാറ്റ് യന്ത്രങ്ങളുമാണ് സ്ജജമാക്കിയത്.
വോട്ടിങ് മെഷീനുകൾ നിലവിൽ അതത് നിയമസഭാമണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇ.വി.എം. കമ്മിഷനിങ് ബുധൻ(ഏപ്രിൽ 17) രാവിലെ 8.00 മണി മുതൽ ഈ സ്‌ട്രോങ് റൂം സെന്ററുകളിൽ നടക്കും.
യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എൻ. സത്യനേശൻ, രാജു തലപ്പാട്, അഡ്വ. ജയ്‌സൺ ജോസഫ്, ടി.എൻ. ഹരികുമാർ, വിജുമോൻ ചെറിയാൻ എന്നിവർ പങ്കെടുത്തു.