Kottayam

ഭരണഘടനയ്ക്കെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. വികസനത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. അതിദാരിദ്രം നിർമാർജനം ചെയ്യാൻ കഴിഞ്ഞത് കേരളത്തിൽ മാത്രമാണ്. പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാൻ കേരളം ആവിഷ്‌കരിക്കുന്ന പ്രവർത്തനങ്ങളുടെ സവിശേഷത നീതി ആയോഗ് ചൂണ്ടിക്കാണിച്ചതാണ്.

രാജ്യത്തു മുഴുവൻ അതിദാരിദ്ര്യം ഇല്ലായ്മ ചെയ്ത് സമത്വസുന്ദര ഇന്ത്യ എന്ന ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഈ റിപബ്ലിക് ദിനത്തിൽ പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, നഗരസഭാംഗം ജോഫി മരിയ ജോൺ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എൻ.സി.സി, സ്റ്റുഡൻറ് പോലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂണിയർ റെഡ്‌ക്രോസ്, ബാൻഡ് എന്നിവയുൾപ്പെടെ 25 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. കറുകച്ചാൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ. പ്രശോഭ് പരേഡ് കമാൻഡറായിരുന്നു.പരേഡിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച പ്ലറ്റൂണുകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *