Health

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ

5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി പറഞ്ഞു.

5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിക്കുക.

എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കുട്ടികള്‍ക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന ഒരു രോഗമാണ് പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. തുടര്‍ന്ന് രോഗാണുക്കള്‍ കുടലില്‍ പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാകുകയും കൈകാലുകളില്‍ അംഗവൈകല്യം ഉണ്ടാക്കുകയും ചെയ്യുന്നു. പോളിയോ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാല്‍ ഫലപ്രദമായ വാക്സിന്‍ നിലവിലുണ്ട്.

കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.

രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *