പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരി വിമുക്ത കുടുംബം പ്രഖ്യാപനം, ജീവിത നൈപുണി വികസന പദ്ധതിയായ ‘ലൈഫ് ‘ രണ്ടാം ഘട്ടം, എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണം എന്നിവയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവഹിച്ചു.
സ്കൂളിന്റെ അഭിമാന പദ്ധതിയായി ഈ അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ്ബും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും നേതൃത്വം ഏറ്റെടുത്ത് നടപ്പിലാക്കിയ ‘ലഹരി വിമുക്ത ഭവനം’ പദ്ധതി ഏറെ സാമൂഹ്യ ശ്രദ്ധ നേടിയ ഒന്നായിരുന്നു.
അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിച്ച് ലഘുലേഖ വിതരണം,ലഹരിമുക്തഭവനം സ്റ്റിക്കർ പതിക്കൽ എന്നിവയിലൂടെ ലഹരിക്കെതിരെ അവബോധം പകർന്നു.
പാലാ നഗരത്തിൽ ഫ്ലാഷ് മോബ്, വിവിധ സ്ഥലങ്ങളിൽ കോർണർ മീറ്റിംഗ് എന്നിവ നടത്തി ലഹരിക്കെതിരെ വലിയ സാമൂഹ്യ മുന്നേറ്റം നടത്താൻ സ്കൂളിന് സാധിച്ചു. അഡാര്‍ട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാല, ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അന്തിനാട് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതികൾ നടത്തിയത്.
നൂറിൽപരം വിദ്യാർത്ഥികളുടെ കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തിയ ‘ലഹരി മുക്തഭവനം സമ്മതപത്രം’ ചടങ്ങിൽ ജോസ് കെ. മാണി പ്രകാശനം ചെയ്തു.
പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിന്റെ പിന്തുണയോടെ നടത്തുന്ന ‘ലൈഫ്’ ജീവിത നൈപുണി വികസന കോഴ്സിന്‍റെ പ്രായോഗിക പരിശീലന ഘട്ടത്തിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് പ്ലംബിംഗ്, വയറിങ്, ആങ്കറിംഗ്, തയ്യൽ,ബുക്ക് ബൈൻഡിങ് എന്നിവയിൽ പരിശീലനം പ്രസ്തുത പദ്ധതിയിലൂടെ വിദഗ്ധരിൽ നിന്നും ലഭ്യമാക്കുന്നു. എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച 5 ലാപ്ടോപ്പുകളുടെയും വിതരണ ഉദ്ഘാടനം ജോസ് കെ മാണി നിർവഹിച്ചു.
വ്യത്യസ്ത തരം പ്രവർത്തനങ്ങളിലൂടെ സാമൂഹ്യപ്രതിബദ്ധത വിളിച്ചോതുന്ന പരിപാടികൾ പ്രവിത്താനം സെന്റ് മൈക്കിൾസിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ അനീഷ്‌കുമാർ കെ.വി, ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ശാഖ മാനേജർ ബബിത ബാബു,പാലാ ഗവ. പോളിടെക്നിക് കമ്പ്യൂട്ടർ ഡിപ്പാർട്ടുമെന്റ് ലെക്‌ചറർ ഭാമാദേവി എൻ,പൂർവ്വ വിദ്യാർത്ഥിയും ലോക കേരളസഭ മെമ്പറും ആയ റോയി കെ. മുളകുന്നം, സ്റ്റാഫ് സെക്രട്ടറി ജോജിമോൻ ജോസ്,എം.പി. ടി. എ. പ്രസിഡന്റ് സോനാ ഷാജി, രഞ്ജു മരിയ തോമസ് എന്നിവർ പ്രസംഗിച്ചു.





