pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ലിറ്റിൽ കൈറ്റ്സ് മികവുത്സവം-2025’ നടന്നു

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘മികവുത്സവം-2025 ‘ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും, റോബോട്ടിക് ശില്പശാലയും, സൈബർ സെക്യൂരിറ്റി പോസ്റ്റർ പ്രദർശനവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ‘മികവുത്സവം 2025’ ഉദ്ഘാടനം ചെയ്തു.

ഈ അധ്യയന വർഷത്തിൽ ഓൾ കേരള ക്വിസ് മത്സരം, ഡിജിറ്റൽ സർവേ, ജൻഡർ ന്യൂട്രൽ യൂണിഫോം, വെബ് ഓഫ് ഫ്രണ്ട്ഷിപ്പ്, സ്കൂൾ വാർത്താ ചാനൽ, കുട്ടി ടീച്ചേഴ്സ് ഡോട്ട് കോം., മുതലായ വ്യത്യസ്തവും നവീനവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രവിത്താനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂൾ നടത്തിയ പല പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങൾ വിളിച്ചോതുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മികവുത്സവം 2025’ നോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക് റോബോട്ടിക്സ്, ആനിമേഷൻ, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിന്റെ സഹകരണത്തോടെ അർദ്ധദിന ശില്പശാലയും സംഘടിപ്പിച്ചു.

കോളേജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് അധ്യാപകരായ രാഹുൽ ആർ. നായർ, ദീപക് ജോയ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. മികവുത്സവത്തോടനുബന്ധിച്ച് സൈബർ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പോസ്റ്റർ പ്രദർശനവും, ലിറ്റിൽ കൈറ്റ്സിന്റെ മൂന്നുവർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി 2022-25 ബാച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ അസൈൻമെന്റുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.

പരിപാടികൾക്ക് ഹെഡ്മാസ്റ്റർ അജി വി. ജെ., കൈറ്റ് മാസ്റ്റർ ജിനു ജെ വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യ കെ. എസ്. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *