പ്രവിത്താനം :പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
പ്രവിത്താനം ഇടവകയുടെ 400 വർഷത്തെ ചരിത്രവും വളർച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന വെബ്സൈറ്റിൽ കഴിഞ്ഞകാലങ്ങളിൽ ഇടവകയെ നയിച്ച വികാരിമാർ, ഇടവകാംഗങ്ങളായ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ മാർ മാത്യു കാവുകാട്ട്, മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ, മഹാകവി പി.എം. ദേവസ്യ എന്നിവരെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏവർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള വെബ്സൈറ്റിൽ പ്രവിത്താനം ഫൊറോനയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, ആതുരാലയ സ്ഥാപനങ്ങളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കഴിഞ്ഞ 400 വർഷക്കാലമായി പ്രവിത്താനത്തിന്റെ ആത്മീയ തേജസ്സായി വിരാജിക്കുന്ന സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വളർച്ചയുടെ പുതിയ പാതയിലേക്ക് പ്രവേശിക്കുമ്പോൾ ‘വിശ്വാസത്തിൽ മുന്നോട്ട്’ എന്ന ആപ്തവാക്യത്തെ അധിഷ്ഠിതമാക്കിയാണ് https://pravithanamchurch.com/ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ രൂപതാ വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് കണിയോടിക്കൽ,വികാരി വെരി. റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ, സഹ വികാരിമാരായ ഫാ.ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ.ആന്റണി കൊല്ലിയിൽ, കൈക്കാരന്മാരായ മാത്യൂസ് എബ്രഹാം പുതിയിടം,ജിമ്മിച്ചൻ സി. എ. ചന്ദ്രൻകുന്നേൽ, ജോണി ജോസഫ് പൈക്കാട്ട്,ജോഫ് തോമസ് വെള്ളിയേപ്പള്ളിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.