പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സാധാരണ യോഗം ചട്ടങ്ങൾ ലംഘിച്ച് മാറ്റിവെച്ചതായി ആരോപണം. 14-01-2025 ൽ ഭരണ സമിതിയുടെ സാധാരണ യോഗം 18-01-2025 രാവിലെ 11 മണിക്ക് കൂടുന്നതായി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ കമ്മറ്റി കൂടേണ്ട ഇന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ രാവിലെ കമ്മറ്റി മാറ്റി വെച്ചതായുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സന്ദേശം എന്ന നിലയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പഞ്ചായത്തിലെ താത്കാലിക ജീവക്കാരൻ അറിയിച്ചു. എന്നാൽ ഇതൊന്നും അറിയാതെ ജനപ്രതിനിധികൾ പഞ്ചായത്ത് കമ്മറ്റിയിൽ എത്തിയപ്പോൾ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും സെക്രട്ടറിയും അടക്കം കമ്മറ്റിയ്ക്ക് നേതൃത്വം കൊടുക്കേണ്ടവർ ആരും തന്നേ പഞ്ചായത്തിൽ എത്തിച്ചേർന്നില്ല.
ഗാന്ധി പ്രതിമ സ്ഥാപിക്കലും സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ ഒഴിവാക്കിയതിനെതിരെ പഞ്ചായത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ഉപരോധം ഭയന്നാണ് പ്രസിഡൻ്റ് പഞ്ചായത്ത് കമ്മറ്റി മാറ്റി വെച്ചതെന്നും ആരോപണമുണ്ട്.
കമ്മറ്റി നടക്കുവാനുള്ള ആവശ്യമായ കോറം തികയാനുള്ള ജനപ്രതിനിധികൾ ഉണ്ടായിട്ട് പോലും യാതൊരു കാരണവും ബോധിപ്പിക്കാതെ ചട്ടലംഘനമായി കമ്മറ്റി കൂടാതെ ഇരിക്കുവാനുള്ള കാരണം വ്യക്തമാക്കണമെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന മധുമോൻ, നിഷ സാനു എന്നിവർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർക്കും പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിയ്ക്കും പരാതി നൽകി.
ബി.ജെ.പി പിന്തുണയോടെ ഭരിക്കുന്ന പ്രസിഡൻ്റും കോൺഗ്രസ് വൈസ് പ്രസിഡൻ്റും ചേർന്നു ഭരിക്കുന്ന പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നടന്ന പഞ്ചായത്ത് രാജ് ചട്ടങ്ങൾക്ക് വിരുദ്ധമായി കമ്മറ്റി മാറ്റി വച്ച സംഭവം അപലപനീയമാണെന്നും അറിയിച്ചു.