ഈരാറ്റുപേട്ട: കഴിഞ്ഞ മാസം ഒന്നാം തീയതി ഈരാറ്റുപേട്ടയിലുണ്ടായ പ്രളയദുരന്തത്തിൽ ദുരിതമനുഭവിച്ച ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും ബിസിനസ് ഓറിയന്റേഷൻ ക്ലാസും ഇന്ന് (വ്യാഴാഴ്ച) വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രളയദുരിതബാധിതരെ സഹായിക്കുന്നതിനായി ഈരാറ്റുപേട്ടയിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകൾ ഒത്തൊരുമയോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കിയത്.
പീപ്പിൾസ് ഫൗണ്ടേഷന്റെയും പ്രാദേശിക സഹായങ്ങളുടെയും സഹകരണത്തോടെ 35 ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്. നഗരത്തിലെ 332 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഏറ്റവും അർഹരായ വ്യാപാരികളെ തെരഞ്ഞെടുത്ത് സ്ഥാപനങ്ങളുടെ പുനഃസ്ഥാപനത്തിനാവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകുകയാണ് പദ്ധതി.
പ്രളയം ബാധിച്ച അർഹരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ, കിടക്കകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. വ്യാപാരികൾക്കായി Formation of Enterprises: Scope & Opportunities എന്ന പേരിൽബിസിനസ് ഓറിയന്റേഷൻ ക്ലാസ് വൈകുന്നേരം 4.30ന് നടത്തും.
വ്യാപാര സ്ഥാപനങ്ങളുടെ നിയമപരമായ രജിസ്ട്രേഷൻ, ലൈസൻസിംഗ് നടപടികൾ, സർക്കാർ സാമ്പത്തിക സഹായങ്ങൾ, പലിശരഹിത വായ്പകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് വിശദീകരണം നൽകും.
മീനച്ചിൽ താലൂക്ക് അസിസ്റ്റന്റ് ജില്ലാ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ നിഷ മോൾ എ.വി., ഈരാറ്റുപേട്ട ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ സജ്ന ഉമ്മർ, പീപ്പിൾസ് ഫൗണ്ടേഷൻ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി.എം. നിഷാദ് എന്നിവർ ക്ലാസിന് നേതൃത്വം നൽകും.
പദ്ധതി പൂർത്തീകരണ പ്രഖ്യാപനം വൈകുന്നേരം 7ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി ഉമർ ആലത്തൂർ, വ്യാപാരി വ്യവസായി പ്രസിഡന്റ് എ.എം.എ. ഖാദർ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, ഏരിയ പ്രസിഡന്റ് അവിനാഷ് മൂസ, പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോ-ഓർഡിനേറ്റർ അഷറഫ് പി.എസ്. എന്നിവർ പങ്കെടുക്കും.
മുനിസിപ്പൽ കൗൺസിലർമാർ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, വ്യാപാര മേഖലയിലെ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.





