കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു.
ഇന്ത്യൻ പാർലമെന്റിന്റെ മുമ്പിൽ ഇന്ത്യൻ ദേശീയ വാദത്തിന് തിരി കൊളുത്തിയ പാറേമ്മാക്കലിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കപ്പെടാൻ മറ്റാരെക്കാളും യോഗ്യതയുള്ള ആളാണ്. അദ്ദേഹത്തിൻ്റെ ജീവിതവും സംഭാവനകളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നത് കാലത്തിന്റെ ആവശ്യമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ബിഷപ് അഭിപ്രായപ്പെട്ടു.
വർത്തമാന പുസ്തകം എന്ന ഉറവിട ഗ്രന്ഥത്തിന്റെ പഠനം നടന്നാൽ സഭയിലും രാജ്യത്തും ഉള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാനും ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസന അധിപനുമായ അലക്സിയോസ് മാർ യൗസേബിയൂസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
തുർക്കി, നിഖ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇടയായപ്പോൾ വലിയ ക്രൈസ്തവ ദേശങ്ങൾ ഇന്ന് ക്രൈസ്തവമല്ലാത്ത സാഹചര്യങ്ങളിൽ എത്തിയിരിക്കുന്നത് നമ്മൾ പഠിക്കുകയും വേണ്ട ജാഗ്രത പുലർത്തുകയും ചെയ്യേണ്ട കാര്യങ്ങൾ ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ച അദ്ദേഹം ലോകത്തിലെയും രാജ്യത്തിലെയും വിവിധ പ്രശ്നങ്ങൾക്ക് ക്രൈസ്തവർ ഒന്നിച്ചു നിന്നാൽ വലിയ പരിഹാരങ്ങൾ ഉണ്ടെന്നു വ്യക്തമാക്കി.
വേലനിലം സൺഡേ സ്കൂളിലെ കുട്ടികൾ എഴുതിയ വർത്തമാന പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി, വർത്തമാന പുസ്തകത്തിന്റെ ആധുനിക മലയാളത്തിൽ ജോൺ മാളിയേക്കൽ സാർ തയ്യാറാക്കിയ പതിപ്പ്, EWS, ജാതി സെൻസസ് എന്നീ വിഷയങ്ങൾ പഠിച്ച് അരുവിത്തുറ ദേശ ഭാരവാഹികൾ തയ്യാറാക്കിയ റിപ്പോർട്ട് എന്നിവ യോഗത്തിൽ അഭിവന്ദ്യ പിതാക്കന്മാർ പ്രകാശനം ചെയ്തു.
പാലാ രൂപത വികാരി ജനറൽ മോൺ. ജോസഫ് മലേപ്പറമ്പിൽ, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാമ്പുഴ, പൊതു പ്രവര്‍ത്തകനും പാറേമാക്കൽ കുടുംബാംഗവുമായ ശ്രീ. ടോമി കല്ലാനി, നസ്രാണി സമുദായ നേതാവ് യാക്കോബായ സഭയിലെ ഷെവ. ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
1736 സെപ്റ്റംബർ 10-ന് ജനിച്ച മാർ തോമാ കത്തനാരുടെ എട്ടുവർഷം നീണ്ട റോമാ-പോർച്ചുഗൽ യാത്രയും, സഭയുടെ നേതൃത്വപരമായ പങ്കും, ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്തെ സാഹസികമായ പ്രവർത്തനങ്ങളും, ‘വർത്തമാനപുസ്തകം’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിൻ്റെ രചനയും അദ്ദേഹത്തെ അതുല്യപ്രതിഭയാക്കി.
ഇരുപതാം നൂറ്റാണ്ടിലെ സഭൈക്യ മുന്നേറ്റങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പേ സഭകളുടെ ഐക്യം പ്രാവർത്തികമാക്കിയ ദീർഘദർശിയായി അദ്ദേഹം വിലയിരുത്തപ്പെടുന്നു. മാർത്തോമ്മാ മാർഗത്തെയും സുറിയാനി പാരമ്പര്യങ്ങളെയും ഇല്ലാതാക്കി യൂറോപ്പിലെ ആചാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ച പാശ്ചാത്യ മിഷണറിമാരോടുള്ള മലങ്കരയിലെ നസ്രാണികളുടെ ചെറുത്തുനിൽപ്പ് വർത്തമാന പുസ്തകത്തിൽ പ്രകടമാണ്. മാർത്തോമ ആറാമൻ , കരിയാറ്റിൽ മാർ യൗസേപ്പ് മൽപ്പാൻ എന്നിവരെയും പാറേമ്മക്കലിനൊപ്പം അനുസ്മരിച്ചു. വിവിധ ദേശങ്ങളിൽ നിന്നുള്ള നസ്രാണി സമുദായ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.