Pala

കളരിയാന്മാക്കൽ കടവ് പാലത്തിനെത്തിൻ്റെ ദുരവസ്ഥ; പാലമല്ലാപ്പാലം എന്ന കവിതയിലൂടെ പ്രതിഷേധത്തിന്റെ രോഷാഗ്നി പടർത്തി ചാക്കോ സി പൊരിയത്ത്

പാലാ: പൊതു ഖജനാവിൽനിന്ന് കോടികൾ മുടക്കി പണി പൂർത്തിയാക്കിയ കളരിയാന്മാക്കൽ കടവ് പാലം, ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും അപ്രോച്ച് റോഡും തുടർറോഡും ഇല്ലാതെ ജനങ്ങൾക്ക് പ്രയോജനപ്പെടാതെ നിൽക്കുന്ന ദുരവസ്ഥയ്ക്കെതിരെയാണ് അധ്യാപകനും എഴുത്തുകാരനുമായ ചാക്കോ സി. പൊരിയത്ത് തന്റെ ‘പാലമല്ലാപ്പാലം’ എന്ന കവിതയിലൂടെ രോഷം പ്രകടിപ്പിക്കുന്നത്.

പാലം കരകളെ ബന്ധിപ്പിക്കേണ്ടതിനു പകരം “കരകളെ കൊഞ്ഞനംകുത്തി” നിൽക്കുന്നതായാണ് കവി പരിഹസിക്കുന്നത്. ഒരു വികസനപദ്ധതി നിർമ്മാണം പൂർത്തിയാക്കിയാൽ മാത്രം ജനോപകാരപ്രദമാകില്ലെന്നും, അതിനാവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ വർഷങ്ങളോളം ഉപേക്ഷിക്കുന്നത് പൊതുപണത്തോടും ജനങ്ങളോടുമുള്ള അനീതിയാണെന്നും കവിത ഓർമ്മിപ്പിക്കുന്നു.

പാലത്തിന്റെ ദുരവസ്ഥയ്ക്കൊപ്പം ഭരണകൂടത്തിന്റെ അനാസ്ഥ, ആസൂത്രണത്തിലെ പാളിച്ച, പൊതുഖജനാവിന്റെ പാഴ്‌ചെലവ്, ജനങ്ങളുടെ നിസ്സഹായത എന്നിവയ്ക്കെതിരെയും കവിയുടെ പരിഹാസം ഉയരുന്നു. പ്രയോജനമില്ലാത്ത പാലത്തെ ‘ടൂറിസം’ കാഴ്ചയായി കാണാമെന്ന തരത്തിലുള്ള പരിഹാസത്തിലൂടെ, വികസനത്തിന്റെ പേരിലുള്ള അസംബന്ധങ്ങളെയും രാഷ്ട്രീയ-ഭരണപരമായ ഉത്തരവാദിത്വമില്ലായ്മയെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.

അധ്യാപനരംഗത്തോടൊപ്പം എഴുത്തുകാരൻ, പ്രഭാഷകൻ, വായനക്കാരൻ, വ്യാകരണപണ്ഡിതൻ, ഗായകൻ, സാംസ്കാരിക പ്രവർത്തകൻ, ഭാഷാസ്നേഹി എന്നീ നിലകളിലും ശ്രദ്ധേയനായ ചാക്കോ സി. പൊരിയത്ത്, സംസ്ഥാന ഭാഷാ മാർഗനിർദ്ദേശക വിദഗ്ധസമിതി അംഗമായും പ്രവർത്തിക്കുന്നു. അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശവും സ്വയംപഠനശീലവും അധ്യാപനത്തിലെ സമർപ്പണവും സാമൂഹികബോധവും ഭാഷാസ്നേഹവും അദ്ദേഹത്തെ ഒരു മാതൃകാധ്യാപകനും ബഹുമുഖ പ്രതിഭയുമാക്കി മാറ്റുന്നു.

‘പാലമല്ലാപ്പാലം’ ഒരു പാലത്തെക്കുറിച്ചുള്ള കവിത മാത്രമല്ല; ജനങ്ങളുടെ പണം മുടക്കി ജനങ്ങൾക്ക് പ്രയോജനമില്ലാത്ത പദ്ധതികൾ സൃഷ്ടിക്കുന്ന ഭരണസംവിധാനത്തിനെതിരെയുള്ള ശക്തമായ പൗരപ്രതിഷേധമാണ്. കവിയുടെ വാക്കുകളിൽ ജ്വലിക്കുന്ന രോഷം, ഒരു പാലത്തിന്റെ ദുരവസ്ഥയോടുള്ള പ്രതിഷേധത്തിൽനിന്ന് ഉത്തരവാദിത്വമുള്ള വികസനത്തിനായുള്ള ആഹ്വാനമായി മാറുന്നു.

കവിത താഴെ:

‘പാലമല്ലാപ്പാലം’
***
ആറ്റിലുണ്ടൊരു പാലം
വർഷമേറെയായ് പണി-
തീർത്തിട്ടു,(തീർന്നെന്നാരു
പറഞ്ഞു?!), കരകളെ
കൊഞ്ഞനംകുത്തി,യതാ-
നിൽക്കുന്നു, ജലോപരി;
തീണ്ടാതെ,കരകളെ;
കരക്കാരെയും, പാവം!

നിർമ്മിതിയിതിനെയും
നിർമ്മമം, വിളിക്കുന്നു
പാലമെന്ന പേരിനാൽ,
പാലാക്കാർ,നിസ്സങ്കോചം!
(സങ്കോചം,നാണ,മൊക്കെ
നാടുവിട്ടുപോയ്, വൃഥാ
സങ്കടപ്പെടാൻ വേറേ-
യാളുനോക്കണമെന്നേ..!)

അറ്റങ്ങൾ ത്രിശങ്കുവിൽ
നിൽക്കുന്ന പാലത്തിനു
പറ്റിയ പേരൊന്നിട്ടു
ക്ഷമകെട്ട നാട്ടുകാർ:

“പാലമല്ലാപ്പാല”ത്തെ-
ക്കണ്ടിട്ടു മടങ്ങുവാൻ
കേവലമഞ്ചേയഞ്ചു
രൂപ മാത്രമേ വേണ്ടൂ!

ടൂറിസം വളർന്നോട്ടെ,
വളർന്നു പുഷ്പിക്കട്ട,
പാലാക്കാരെവിടെയും
തോൽക്കില്ലെന്നറിയുക!!

Leave a Reply

Your email address will not be published. Required fields are marked *