Pala

യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി പാലായില്‍ സര്‍വ്വീസ് ക്യാന്‍സലേഷന്‍: ക്യാന്‍സല്‍ ചെയ്തത് 17 സര്‍വ്വീസുകള്‍: അന്വേഷണം വേണം പാസഞ്ചേഴ്‌സ് അസോസിയേഷന്‍

പാലാ: കെ.എസ്.ആര്‍.ടി.സി പാലാ ഡിപ്പോയില്‍ നിന്നുള്ള 17 സ്ഥിരം സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്രാ തിരക്കേറിയ ഇന്ന് (വ്യാഴം) റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വിനയായി.

സര്‍വ്വീസിന് തയ്യാറായി രാവിലെ ജീവനക്കാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രഭാത സര്‍വ്വീസുകള്‍ ഉള്‍പ്പെടെ 17 സര്‍വ്വീസുകള്‍ റദ്ദുചെയ്ത വിവരം അറിയുന്നത്.

ദ്വീര്‍ഘദൂര സര്‍വ്വീസുകളും ചെയിന്‍ സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ളവയാണ് റദ്ദുചെയ്യപ്പെട്ടത്. കാരണം വ്യക്തമാക്കാതെയാണ് സര്‍വ്വീസ് ക്യാന്‍സലേഷന്‍ നടപ്പാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകിയാണ് ക്യാന്‍സലേഷന്‍ തീരുമാനം ഉണ്ടായത്.

24 സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുവാനായിരുന്നു ആദ്യ തീരുമാനം.തീരുമാനം എടുത്തവര്‍ വ്യാഴാഴ്ച്ച ഓഫീസ് അവധിയായിരുന്ന തിനാല്‍ ഡിപ്പോയില്‍ എത്തിയതുമില്ല.

വിവരം അറിയാതെ അതിരാവിലെ മുതല്‍ ബസ് സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ വലഞ്ഞു.പ്രഭാത സര്‍വ്വീസുകള്‍ പാടേ മുടക്കിയ നിലയിലായിരുന്നു.തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മാനന്തവാടി എറണാകുളം, തൃശൂര്‍ സര്‍വ്വീസുകളും മുടക്കി.

തൃശൂര്‍ ഭാഗത്തേയ്ക്കുള്ള വര്‍ എം.സി.റോഡിലേക്കുള്ള സ്വകാര്യ ബസുകളെ ആ ശ്രയിച്ച് ഏറ്റുമാനൂര്‍, കുറവിലങ്ങാട്, കൂത്താട്ടുകുളം ഭാഗത്തേക്ക് യാത്ര ചെയ്ത് യാത്രാവശ്യങ്ങള്‍ നിറവേറ്റി.

കോട്ടയം -തൊടുപുഴ ചെയിന്‍ സര്‍വ്വീസില്‍ ഉണ്ടായ ക്യാന്‍സലേഷന്‍ യാത്രക്കാരെ വളരെ കഷ്ടപ്പെടുത്തി. വൈക്കം മുണ്ടക്കയം ചെയിന്‍ സര്‍വ്വീസുകളും മുടക്കി. ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ 45 മിനിറ്റുവരെ കാത്തിരുന്ന ശേഷമാണ് ഒരു ബസില്‍ കയറിപ്പറ്റുവാന്‍ പല യാത്രക്കാര്‍ക്കും കഴിഞ്ഞത്.

നാളെ മുതല്‍ അവധി ദിവസങ്ങളായതിനാല്‍ കുട്ടികളുമായി യാത്രയ്ക്ക് എത്തിയവരും നന്നേ വലഞ്ഞു.

ഇന്ന് അവധി ദിവസമായിരുന്നുവെങ്കിലും ബാങ്കുകള്‍, ആശുപത്രികള്‍, വൈദ്യുതി, ജലവിതരണം, പോലീസ് വിഭാഗങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതിനാല്‍ യാത്രാ ആവശ്യങ്ങള്‍ നിരവധിയായിരുന്നു താനും.

കെ.എസ്.ആര്‍.ടി.സിയുടെ ഉയര്‍ന്ന വരുമാനം നേടുന്ന അപൂര്‍വ്വം ഡിപ്പോകളില്‍ ഒന്നാണ് പാലാ. സര്‍വ്വീസുകള്‍ മുടങ്ങാതെ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ മാസം എ.ടി.ഒ, ഡിപ്പോ എന്‍ജിനീയര്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ,സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍എന്നിവരെ സ്ഥലം മാറ്റി പകരം ആളുകളെ നിയമിച്ചിരുന്നു.

ഇതിനു ശേഷം നിരവധി ദ്വീര്‍ഘദൂര സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. കണ്ണൂര്‍, മാനന്തവാടി സര്‍ വ്വീസുകള്‍ കോഴിക്കോട് വരെ മാത്രമെ ഓടിക്കാറുള്ളൂ. അടുത്തിടെ തുടങ്ങിയ ചെറുപുഴ സര്‍വ്വീസും മുടക്കിയിരിക്കുകയാണ്.

പെരിക്കല്ലൂര്‍ സര്‍വ്വീസ് സുല്‍ത്താന്‍ ബത്തേരി വരെയെ ഓടിക്കുന്നുള്ളൂ. എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് ഉണ്ടായിരുന്ന രാത്രി സര്‍വ്വീസ് മുടക്കിയിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. യാത്രക്കാരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടും അധികൃതര്‍ പരിഗണിച്ചില്ല.

ബസും ഇന്ധനവും ഡ്രൈവറും കണ്ടക്ടറും എല്ലാം ഉണ്ടായിരുന്നിട്ടുംവ്യക്തമായ കാരണമില്ലാതെ യാത്രാ തിരക്കേറിയ വ്യഴാഴ്ച (ഇന്ന്) പതിനേഴില്‍ പരം സ്ഥിരം സര്‍വ്വീസുകള്‍ റദ്ദാക്കി യാത്രക്കാര്‍ക്ക് യാത്രാദുരിതം സമ്മാനിച്ച അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആര്‍.ടി ഉപദേശക സമിതി അംഗം ജയ്‌സണ്‍മാന്തോട്ടം ആവശ്യപ്പെട്ടു.

വന്‍ വരുമാന നഷ്ടമാണ് ഡിപ്പോയ്ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച്ച എത്ര സര്‍വ്വീസ് നടത്തുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *