പാലാ: മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പരിശീലനം ഇനി താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ നിബന്ധനകൾ പ്രകാരമുള്ള ജില്ലാ റസിഡൻസി പദ്ധതി പ്രകാരമാണ് പി.ജി.രണ്ടാം വർഷ വിദ്യാർത്ഥികളുടെ പരിശീലന നിയമനം.
സംസ്ഥാനത്തെ ഗവ: മെഡിക്കൽ കോളജുകളിലെ 854 ,സ്വകാര്യ മെഡിക്കൽ കോളജിലെ 430, അമൃത മെഡിക്കൽ കോളജിലെ 98 ഉം പി.ജി ഡോക്ടർമാരെയാണ് വിവിധ ആശുപത്രികളിൽ വ്യന്യസിപ്പിക്കുക. 100 കിടക്കകളിൽ കൂടുതൽ ഉള്ള സംസ്ഥാനത്തെ 78 ആശുപത്രികളിൽ ഇവരുടെ അധിക സേവനം കൂടി ലഭ്യമാകും.
കോട്ടയം ജില്ലയിൽ വിവിധ ആശുപത്രികളിലായി 18 പി.ജി ഡോക്ടർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. പാലാ ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് പേരെ നിയോഗിച്ചിട്ടുണ്ട്.
രോഗികൾ കുറവായതും നിരവധി ഡോക്ടർമാരും സ്പെഷ്യാലിറ്റി വിഭാഗവും ഉള്ള ജില്ലയിലെ മററ് ആശുപത്രികളിൽ പോലും ആറും ഏഴും പി.ജി.ഡോക്ടർമാരെ നിയോഗിച്ചപ്പോൾ പാലായിൽ രണ്ടു പേരെ മാത്രം ലഭ്യമാക്കി അധികൃതർ വിവേചനം കാണിച്ചതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം കുററപ്പെടുത്തി.
രണ്ട് ഓപ്പറേഷൻ ബഡ് മാത്രമുള്ള ജില്ലയിലെ ഒരാശുപത്രിയിലേക്ക് മാത്രം മൂന്ന് അനസ്തേഷ്യാ വിഭാഗം ഡോക്ടർമാരെയും മൂന്ന് ജനറൽ സർജറി ഡോക്ടർമാരെയുമാണ് ഇതു പ്രകാരം നിയമിച്ചത്.ഈ നടപടി പി.ജി.വിദ്യാർത്ഥികൾക്കും ആശുപത്രിക്കും ഗുണo ചെയ്യുകയില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേണ്ടത്ര നിശാബോധം ഇല്ലാതെയാണ് ഡോക്ടർമാരെ നിയോഗിച്ചിരിക്കുന്നത്.

ഒരേ വിഭാഗത്തിൽ തന്നെ കൂടുതൽ പേരെ നിയോഗിച്ച സാഹചര്യത്തിൽ പാലാ ജനറൽ ആശുപത്രിയിൽ നിന്നും ജോലി ക്രമീകരണവ്യവസ്ഥയിൽ മററ് ആശുപത്രിയിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന ഡോക്ടർമാരെ ഉടനെ പാലായിലേക്ക് തിരികെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടൊപ്പo വിവിധ ചികിത്സാ വിഭാഗങ്ങളിലായികൂടുതൽ പി ജി വിഭാഗം ഡോക്ടർമാരെ പാലാ ജനറൽ ആശുപത്രിയിലേക്ക് നിയോഗിക്കണമെന്ന് അദ്ദേഹം പ്രോഗ്രാം കോർഡിനേറ്ററോടും ആരോഗ്യ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. അടുത്ത കാലത്തും പാലാ ആശുപത്രിയിലെ ഡോക്ടർമാരെ പകരം ക്രമീകരണം ഏർപ്പെടുത്താതെ മററ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നതായി ജയ്സൺമാന്തോട്ടം പരാതിപ്പെട്ടു.