General

നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിലെ പരിപാടിയിൽ ക്രിസ്തീയ ഗാനം പാടിയത് തെറ്റില്ല; വിവാദമാക്കരുതെന്ന് ക്ഷേത്ര കമ്മിറ്റി

കോട്ടയം: ക്ഷേത്രത്തിലെ പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമാക്കുന്നതിനെതിരെ നട്ടാശ്ശേരി വേമ്പികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ ഒരു തെറ്റുമില്ലെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന.

ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലെ അവസ്ഥയെ തകർക്കരുതെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ച വീഡിയോ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങളിൽ എതിർപ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിൽ ഇത്തരം ഗാനങ്ങൾ ആലപിക്കാൻ പാടില്ല എന്നായിരുന്നു എതിർന്നയിച്ചവരുടെ വാദം. ഇതിനെയാണ് ക്ഷേത്ര കമ്മറ്റി തന്നെ എതിർപ്പ് അറിയിച്ച് രംഗത്ത് എത്തിയത്. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ല എന്ന് നന്ദഗോവിന്ദം ഭജൻസ് പറഞ്ഞു.

കേരളത്തിൽ വളരെ ആരാധകരുള്ള ഭക്തി സംഘമാണ് നന്ദഗോവിന്ദം ഭജൻസ്. നന്ദഗോവിന്ദം ടീം അടുത്തിടെ കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ച. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് ഭക്തിസാന്ദ്രതയോടെ ആലപിച്ചത്. എന്നാൽ ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച ഭജന സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന വിമ‍ശനങ്ങൾക്ക് ക്ഷേത്ര പരിപാടിക്ക് ക്രിസ്തീയ ഗാനം പാടിയെന്ന വിമർശനങ്ങൾക്ക് വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം നട്ടാശ്ശേരി പുനരുദ്ധാരണ കമ്മിറ്റി കൺവീനർ തന്നെ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *