Mundakayam

മുണ്ടക്കയം – വാഗമൺ റോഡ് നിർമ്മാണം; 17 കോടി രൂപ അനുവദിച്ച് ടെൻഡറായി

മുണ്ടക്കയം : നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്നും ആരംഭിച്ച് കൂട്ടിക്കൽ- ഏന്തയാർ -ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന ബി എം ബി സി നിലവാരത്തിലുള്ള സംസ്ഥാനപാത അവിടെനിന്നും 7 കിലോമീറ്റർ ദൂരത്തിൽ പുതുതായി റോഡ് നിർമ്മിച്ച് വാഗമണ്ണിൽ എത്തിച്ച് പുതിയ മുണ്ടക്കയം – വാഗമൺ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് 17 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏറ്റവും സൗകര്യപ്രദവും, മികച്ചതുമായ പാതയായി ഇത് മാറും.കൂടാതെ നാഷണൽ ഹൈവേയിൽ നിന്നും നേരിട്ട് വാഗമണ്ണിലേക്ക് എത്തിച്ചേരാൻ കഴിയുന്നതും ഈ റോഡ് മാർഗ്ഗത്തിലൂടെ ആകും.

അതുപോലെതന്നെ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുന്നതോടുകൂടി ആഭ്യന്തര,വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിമാനമാർഗ്ഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽ നിന്നും 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണ്ണിൽ എത്തിച്ചേരുന്നതിനും കഴിയും.

വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. എന്നാൽ മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്നതുമൂലം ഈ പ്രദേശത്തേക്ക് മുൻപ് വിനോദ സഞ്ചാരികൾ കാര്യമായി എത്തിച്ചേർന്നിരുന്നില്ല. ആയതിനാൽ ഇതുവഴി ഉന്നത നിലവാരത്തിൽ റോഡ് ഗതാഗതം സാധ്യമാകുന്നതോടുകൂടി ആ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഏറെ ടൂറിസം വികസന സാധ്യതകളും ഉണ്ട്.

ഇപ്പോൾ വാഗമണ്ണിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം വിനോദസഞ്ചാരികളുടെ ബാഹുല്യം പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി വികസിപ്പിച്ച് വാഗമണ്ണിന്റെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി നാടിന്റെ പുരോഗതിയും കൈവരിക്കാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു.

7 കിലോമീറ്റർ ദൂരത്തിൽ ശരാശരി 10 മീറ്റർ വീതിയിലുള്ള റോഡിൽ ഡബിൾ ലൈനായി 7 മീറ്റർ വീതിയിലാണ് ബി എം ബി സി നിലവാരത്തിൽ ടാറിങ് നടത്തുക. കൂടാതെ ആവശ്യമായ സംരക്ഷണ ഭിത്തികൾ, ഓടകൾ, കലുങ്കുകൾ, സൈഡ് കോൺക്രീറ്റിങ്, റോഡ് സുരക്ഷാക്രമീകരണങ്ങൾ മുതലായവ എല്ലാം ഉൾപ്പെടുത്തി മികച്ച നിലവാരത്തിലാണ് റോഡ് നിർമ്മാണം ആസൂത്രണം ചെയ്തിട്ടുള്ളത്.

ആഗസ്റ്റ് മാസം പതിനൊന്നാം തീയതി വരെ ടെൻഡർ സമർപ്പിക്കാവുന്നതും പതിനാലാം തീയതി ടെൻഡർ ഓപ്പൺ ചെയ്യുന്നതുമാണ്. മികച്ച കരാറുകാരെ കണ്ടെത്തി ടെൻഡർ ഉറപ്പിച്ച് എത്രയും വേഗത്തിൽ നിർമ്മാണം പ്രവർത്തികൾ ആരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്യുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *