മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപമുയരുന്നു. വേൽക്കാലം ആരംഭിക്കുമ്പോൾതന്നെ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് പ്രദേശവാസികൾ. എരുമാപ്ര വാർഡിൽ പെട്ട ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന കുടിവെള്ള പദ്ധതികളും നിലവില്ല.
പട്ടികവർഗക്കാരായ ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പൈപ്പ് കണക്ഷൻ ലഭ്യമല്ലാത്ത ഇവിടെ മഴക്കാലത്ത് തന്നെ ആളുകൾ ശേഖരിച്ച് വയ്ക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഉയർന്ന പ്രദേശമായ ഇവിടെ ആവശ്യമായ ശുദ്ധജല സ്രോതസ് ഇല്ലാത്തതും പദ്ധതികൾ ആരംഭിക്കാൻ തടസ്സമാകുന്നുണ്ട്.
കയറ്റപ്രദേശമായതിനാൽ വാഹനത്തിലെത്തിക്കുന്ന വെള്ളം വഴിയിൽ നഷ്ടമാകുന്ന അവസ്ഥയാണെന്നും പ്രദേശവാസികൾ പറയുന്നു.





