Pala

തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതുകൈപ്പത്തി പൂർവ്വസ്ഥിതിയിലാക്കി

പാലാ: തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതു കൈപ്പത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ മണിക്കൂറുകൾ എടുത്ത് നടത്തിയ മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിലൂടെ വീണ്ടും ജോലികൾ ചെയ്യാവുന്ന വിധത്തിൽ പൂർവ്വസ്ഥിതിയിലാക്കി.

പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലിൽ തൊഴിലാഴിയുമായ 52കാരനാണ് ഗുരുതര അപകടത്തിൽ നഷ്ടപ്പെട്ടു പോകേണ്ടിയിരുന്ന ഇടത് കൈപ്പത്തി തിരികെ ലഭിച്ചത്. ഏതാനും മാസം മുൻപ് തടിമില്ലിൽ ജോലിക്കിടെയാണ് അപകടം ഉണ്ടായത്.

വലുപ്പമുള്ള തേക്ക് തടി യന്ത്രവാൾ ഉപയോഗിച്ചു അറക്കുന്നതിനിടെയാണ് സംഭവം. തടി തള്ളി യന്ത്രവാളിലേക്കു കയറ്റി വിടുന്നതിനിടെ ഇടതു കൈ അബദ്ധത്തിൽ തടിയിൽ നിന്നു തെന്നി യന്ത്രവാളിലേക്ക് കയറുകയായിരുന്നു.

കൈപ്പത്തിയുടെ താഴെ ഭാഗത്ത് വച്ച് മുറിഞ്ഞ അസ്ഥികൾ പൂർണമായി വേർപെട്ടു. തൊലിയുടെ അഗ്ര ഭാഗത്ത് തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു ഇടത്കൈപ്പത്തി. തടിമിൽ അധികൃതർ ഉടൻ തന്നെ ഇദ്ദേഹത്തെ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.

എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ‍ഡോ.ശ്രീജിത്ത് ആർ.നായരുടെ നേതൃത്വത്തിൽ അടിയന്തര പരിശോധന നടത്തിയ ശേഷം വേർപെട്ട നിലയിലായിരുന്ന കൈപ്പത്തി കൂട്ടി ചേർക്കുന്നതിനുള്ള മൈക്രോവാസ്കുലാർ ശസ്ത്രക്രിയ ഉടൻ തീരുമാനിച്ചു.

പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.അശ്വതി ചന്ദ്രൻ, ഓർത്തോപീഡ്ക്സ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.റിക്കി രാജ് ,അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ.സേവ്യർ ജോൺ, ഡോ.റോണി മാത്യുഎന്നിവരുടെ നേതൃത്വത്തിൽ 7 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കൈപ്പത്തി പൂർവ്വസ്ഥിതിയിലാക്കി.

ശസ്ത്രക്രിയയ്ക്കു ശേഷം ഫിസിയോതെറാപ്പിയിലൂടെ ഇടതു കൈപ്പത്തിയുടെ ചലനം പൂർവ്വസ്ഥിതിയിലായ 52കാരൻ ഇടതു കൈ ഉപയോഗിച്ചു വീണ്ടും ജോലികളിലേക്കു പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *