sports

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും എപ്പോഴെത്തുമെന്നുള്ള കാര്യത്തില്‍ വ്യക്ത നല്‍കി മന്ത്രി

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കി സർക്കാർ. കായിക മന്ത്രി വി.അബ്ദു‌റഹിമാൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാംപ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്, മെസി വരും ട്ടാ..!’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മന്ത്രി നന്ദിയുമറിയിച്ചിട്ടുണ്ട്.

സ്പോൺസർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് കഴിഞ്ഞമാസം വാർത്ത പുറത്തുവന്നിരുന്നു. കേരളത്തിലേക്കു വരാൻ ഏകദേശം 15 ദശലക്ഷം ഡോളർ (ഏകദേശം 128 കോടി രൂപ) ആണ് അർജന്റീന ഫുട്ബോൾ അസോസിയേഷനു നൽകേണ്ടി വരുക. ഇതിൽ 9 ദശലക്ഷം ഡോളർ (ഏകദേശം 77 കോടി രൂപ) അഡ്വാൻസായി നൽകണം.

ഇത് അടയ്ക്കേണ്ട കാലാവധി കഴിഞ്ഞതോടെയാണ് അർജന്റീന ടീം എത്തില്ലെന്ന റിപ്പോർട്ടു വന്നത്. കഴിഞ്ഞ വർഷം ഡിസംബർ 24ന് ആണ് കരാർ ആയത്. മൂന്നു മാസമോ 45 ദിവസമോ ആയിരുന്നു അഡ്വാൻസ് തുക അടയ്ക്കേണ്ട കാലാവധി. കരാർ നിലനിൽക്കുന്നുണ്ടെന്നും തുകയടയ്ക്കാൻ വൈകിയാൽ പെനൽറ്റി നൽകി പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളത്തിലെത്തുമെന്നും അതിനു ശേഷം സംയുക്തമായി മത്സരം പ്രഖ്യാപിക്കുമെന്നുമാണ് ഏപ്രിലിൽ 24ന് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചത്. പിന്നാലെയാണ് കരാർ ലംഘനത്തിന്റെ വിവരം പുറത്തവരുന്നത്.

കരാർ ലംഘനത്തിന്റെ പേരിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സംസ്ഥാന സർക്കാർ നോട്ടിസ് അയച്ചിരുന്നു. കരാർ അനുസരിച്ചുള്ള തുക മുൻകൂറായി നൽകാത്തതിനെ തുടർന്ന് അർജന്റീന ടീമിന്റെ കേരള സന്ദർശനം അനിശ്ചിതത്വത്തിലായതോടെ ഏപ്രിലിൽ 2 തവണയായാണ് കായിക വകുപ്പ് നോട്ടിസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *