Crime

വ്യാജ പരിശോധനാ റിപ്പോർട്ട്: അറസ്റ്റിലായ ലാബ് ഉടമയു‌ം ടെക്നിഷ്യനും റിമാൻഡിൽ

പാലാ : സ്വകാര്യ ക്ലിനിക്കൽ ലാബിൽ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജമായി പരിശോധനാ റിപ്പോർട്ട് തയാറാക്കി നൽകിയ ടെക്നിഷ്യനെയും സ്ഥാപന ഉടമയെയും കോടതി റിമാൻഡ് ചെയ്തു.

നറൽ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മോഡേൺ ഡയഗ്നോസ്റ്റിക് സെന്ററിൽ ടെക്നിഷ്യനായ കാണക്കാരി കനാൽ റോഡ് ഭാഗത്ത് എബി ഭവനിൽ എം.എബി (49), ഉടമ ഇടനാട് മങ്ങാട്ട് റിനി സജി ജോൺ (52) എന്നിവരെയാണു പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്.

മുൻപു തിരുവല്ലയിലും മറ്റും ജോലി ചെയ്തിട്ടുള്ള എബി ഇത്തരം തട്ടിപ്പുകൾ നേരത്തേയും നടത്തിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്നു റിനി പൊലീസ് സംരക്ഷണയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ക്ലിനിക്കൽ പരിശോധനയ്ക്ക് എത്തുന്നവർക്കു ഗൈനക്കോളജി ഡോക്ടറായ ഡോ. ഡെന്നി ടി.പോളിന്റെ പേരുവച്ച് എബി.ക്ലിനിക്കൽ പരിശോധനാ റിപ്പോർട്ട് നൽകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.. സോണോളജിസ്റ്റ് എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ പരിശോധനാഫലം നൽകിയിരുന്നതെന്നു പൊലീസ് പറഞ്ഞു.

സ്ഥാപനത്തിൽ ഡോക്ടറുടെ ബോർഡ് സ്ഥാപിച്ചിരുന്നു. ഡോക്ടർ ചമഞ്ഞു തട്ടിപ്പു നടത്തിയതിനും രോഗികൾക്കു വ്യാജ പരിശോധനാ റിപ്പോർട്ട് നൽകി കബളിപ്പിച്ചതിനുമാണ് എബിയുടെ പേരിൽ കേസ്. തട്ടിപ്പിനു കൂട്ടുനിന്നെന്നതാണു സ്ഥാപന ഉടമയ്ക്കെതിരെയുള്ള കുറ്റം.

ഡിവൈഎസ്പി കെ.സദനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ വി.എൽ.ബിനുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബേബി ജോൺ, ഷാൻ, എഎസ്ഐമാരായ സുഭാഷ് വാസു, ജിനു, ഏലിയാമ്മ ആന്റണി എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *