Pala

i2i ന്യൂസിനെതിരെ മാനനഷ്ടക്കേസ്; മാർ സ്ലീവാ മെഡിസിറ്റിയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

പാലാ :സമൂഹമാധ്യമത്തിലൂടെ മാർ സ്ലീവാ മെഡിസിറ്റിക്ക് എതിരെ സത്യവിരുദ്ധവും ദുരുപദിഷ്ടതവുമായ വാർത്തകൾ തുടർച്ചയായി നൽകി അപവാദപ്രചരണം നടത്തുന്ന i2i ചാനലിനെയും മാനേജിം​ഗ് എഡിറ്റർ സുനിൽ മാത്യുവിനെയും പ്രതി ചേർത്ത് പാലാ മാർ സ്ലീവാ മെഡിസിറ്റി ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

i2i ഓൺലൈൻ ന്യൂസ് ചാനൽ വഴി 2025 ഫെബ്രുവരി 4,6, 8 തീയതികളിലും തുടർന്നും മാർ സ്ലീവാ മെഡിസിറ്റിയേയും ആശുപത്രി രക്ഷാധികാരി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് നിരന്തരം പ്രസിദ്ധീകരിച്ച അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെയാണ് പ്രതികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുന്നതൊടൊപ്പം അഞ്ച് കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു കൊണ്ടാണ് മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് ലീ​ഗൽ ഡയറക്ടർ റവ.ഫാ. ജോസ് കീരഞ്ചിറ കോടതിയിൽ അഡ്വ. മാർട്ടിൻ മാത്യു കാക്കല്ലിൽ മുഖേന കേസ് ഫയൽ ചെയ്തത്.

കേസ് ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് പ്രതികൾ കോടതിയിൽ ഹാജരാകുന്നതിനും ഉത്തരവായി. സത്യവിരുദ്ധവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ച കുറ്റത്തിന് i2i ന്യൂസ് ചാനൽ മാനേജിം​ഗ് എഡിറ്റർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തത് ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *