ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. കേസിൽ നാളെ വിധി പറയും.
കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്.
മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാം എന്ന് സഭാനേതൃത്വം തീരുമാനിച്ചത്.
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയാൽ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് നടപടി. മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളികളായ രണ്ട് കന്യാസത്രീകൾ എട്ട് ദിവസമായി ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുകയാണ്. ഇവർക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇനി എല്ലാം കോടതി തീരുമാനിക്കുമെന്നും കേസ് അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വൈകിട്ട് അഞ്ചിനാണ് ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായത്. വാദത്തിനിടെ ബജ്‍രംഗ്ദള്‍ അഭിഭാഷകനും ജാമ്യം നൽകുന്നതിനെ എതിര്‍ത്തു.