പാലാ: പാലാ നഗരസഭയിലെ സൈറൺ പ്രവർത്തനം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുലിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ കോർപ്പറേഷനിലെ സൈറൺ നിർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലാ നഗരസഭയിലെ സൈറൺ നിർത്താൻ നടപടി സ്വീകരിക്കുന്നതെങ്കിൽ, പ്രസ്തുത വിധി പാലാ നഗരസഭയ്ക്കും ബാധകമാണോയെന്ന് ആദ്യം നിയമപരമായി പരിശോധിക്കണം.
പാലാ നഗരസഭയുടെ ഇന്ന് (05/09/2026) നടക്കുന്ന കൗൺസിൽ യോഗത്തിൽ പാലായിൽ സൈറണിന്റെ പ്രവർത്തനം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കത്ത് പരിഗണിക്കാനിരിക്കെയാണ് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നഗരസഭാ ചെയർപേഴ്സൺ മായാ രാഹുലിന് പരാതി നൽകിയത്.
ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സൈറണിന്റെ പ്രവർത്തനം നിർത്തലാക്കാനുള്ള പ്രിൻസിപ്പൽ ഡയറക്ടറുടെ കത്ത് ഇന്ന് (05/092026) അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ WP(PIL) No.22 of 2026 ഹർജിയിലാണ് 2026 ഫെബ്രുവരി 19ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കണ്ണൂർ കോർപ്പറേഷൻ, കണ്ണൂർ ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവരായിരുന്നു കേസിലെ എതിർകക്ഷികൾ. പാലാ നഗരസഭ കേസിലെ കക്ഷിയായിരുന്നില്ലെന്നും സംസ്ഥാന സർക്കാരോ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പോ കേസിൽ എതിർകക്ഷികളായിരുന്നില്ലെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി.
കണ്ണൂർ കോർപ്പറേഷന്റെ സൈറൺ സംബന്ധിച്ച പ്രത്യേക ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ കേരളത്തിലെ എല്ലാ നഗരസഭകളിലും കോർപ്പറേഷനുകളിലും നിലവിലുള്ള സൈറൺ സംവിധാനങ്ങൾ നിർത്തലാക്കണമെന്ന പൊതുവായ നിർദേശം നൽകിയിട്ടില്ലെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. അതിനാൽ കണ്ണൂരിലെ കേസിലെ ഉത്തരവ് പാലാ നഗരസഭയ്ക്കും സ്വമേധയാ ബാധകമാണെന്ന് കണക്കാക്കി സൈറൺ നിർത്തുന്നത് ശരിയല്ലെന്നും ഇതുസംബന്ധിച്ച് നിയമപരമായ വ്യക്തത വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയുടെ പകർപ്പ് പരാതിക്കൊപ്പം സമർപ്പിക്കുന്നതായും അറിയിച്ചു.
സമയം നോക്കാൻ മറ്റ് സംവിധാനങ്ങളുള്ള കാലത്ത് സൈറൺ അനാവശ്യമാണെന്ന കോടതി നിരീക്ഷണത്തോട് യോജിക്കാനാകില്ലെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. തിരക്കുപിടിച്ച ജീവിതത്തിൽ നിശ്ചിത സമയത്ത് സൈറൺ മുഴങ്ങുന്നത് ഇന്നും പൊതുജനങ്ങൾക്ക് അനുഗ്രഹമാകുന്ന സംവിധാനമാണ്. സൈറൺ ഉള്ള സ്ഥലങ്ങളിൽ അതിന്റെ ശബ്ദത്തിനനുസരിച്ച് പലരും ഇപ്പോഴും ദൈനംദിന കാര്യങ്ങൾ ക്രമീകരിക്കുന്നുണ്ട്. തോന്നുന്ന സമയത്തല്ല സൈറൺ മുഴക്കാറുള്ളത്. ഇതിനായി നിശ്ചിത സമയക്രമം നിലവിലുണ്ടെന്നും പരാതിയിൽ പറയുന്നു.
സമയവിവരം നൽകുന്നതിനു പുറമേ, അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമെന്ന നിലയിലാണ് സൈറണിന്റെ പ്രധാന പ്രാധാന്യമെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം പാലായിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സൈറൺ ഉപയോഗിച്ചത് ഇതിന് ഉദാഹരണമാണ്. ഭാവിയിൽ വെള്ളപ്പൊക്കം, ശക്തമായ മഴ, മറ്റ് പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വ്യക്തിഗത സംവിധാനങ്ങളെ ആശ്രയിക്കാതെ ഒരേസമയം വലിയൊരു വിഭാഗം ജനങ്ങളിലേക്ക് മുന്നറിയിപ്പ് എത്തിക്കാൻ സൈറൺ സഹായിക്കുമെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
യുദ്ധസാഹചര്യങ്ങളിലും സൈറണിന്റെ പ്രസക്തി നിലനിൽക്കുന്നുണ്ടെന്നും ഫൗണ്ടേഷൻ പറഞ്ഞു. ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഗൾഫ് മേഖലയിലും മിസൈൽ, ഡ്രോൺ, വ്യോമാക്രമണ മുന്നറിയിപ്പുകൾ നൽകുന്നതിനായി സൈറൺ സംവിധാനങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. 2025 മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക് സംഘർഷം രൂക്ഷമായപ്പോൾ പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് രാജ്യത്തെ വിവിധ അതിർത്തി പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങിയിരുന്നു. അടിയന്തര മുന്നറിയിപ്പ് സംവിധാനമെന്ന നിലയിൽ സൈറണിന്റെ പ്രസക്തി ഇതിലൂടെ വ്യക്തമാകുന്നതായും ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.
വിശിഷ്ട വ്യക്തികളുടെ നിര്യാണത്തിൽ നാടിന്റെ ആദരവ് അർപ്പിക്കുന്നതിനും മരണവിവരം പൊതുജനങ്ങളെ അറിയിക്കുന്നതിനും പാലായിൽ സൈറൺ ഉപയോഗിക്കുന്ന പതിവുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള സാമൂഹിക ആവശ്യങ്ങൾ കൂടി പരിഗണിക്കാതെ നഗരസഭയിലെ സൈറൺ സംവിധാനം പൂർണമായി ഇല്ലാതാക്കുന്നത് ഉചിതമല്ലെന്നും എബി ജെ ജോസ് പറഞ്ഞു.
സൈറൺ ശബ്ദമലിനീകരണത്തിന് കാരണമാകുന്നതാണ് പ്രശ്നമെങ്കിൽ സംവിധാനം പൂർണമായി നിർത്തുന്നതിനു പകരം ശബ്ദനിലവാരം പരിശോധിച്ച് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും ഫൗണ്ടേഷൻ നിർദേശിച്ചു. സൈറൺ മുഴങ്ങുന്ന സമയവും ദൈർഘ്യവും പുനഃക്രമീകരിക്കാനും സാങ്കേതികമായി ശബ്ദനിലവാരം നിയന്ത്രിക്കാനും കഴിയുമെന്നും ചൂണ്ടിക്കാട്ടി. അതേസമയം സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെയും പൊതുയോഗങ്ങളിലും അനുവദനീയമായ പരിധിക്ക് മുകളിലുള്ള ശബ്ദമലിനീകരണത്തിനെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവിന്റെ യഥാർത്ഥ പരിധി പരിശോധിച്ച ശേഷമേ പ്രിൻസിപ്പൽ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ പാലാ നഗരസഭയിൽ നടപടി സ്വീകരിക്കാവൂവെന്നും ആവശ്യമായാൽ നഗരസഭ നിയമോപദേശം തേടണമെന്നും ബന്ധപ്പെട്ട സർക്കാർ അധികാരികളിൽനിന്ന് വ്യക്തത വരുത്തണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
സമയം അറിയിക്കുന്നതിനും വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനും യുദ്ധമോ ആക്രമണമോ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ അറിയിക്കുന്നതിനും വിശിഷ്ട വ്യക്തികളുടെ നിര്യാണം സംബന്ധിച്ച പൊതുഅറിയിപ്പ് നൽകുന്നതിനും പ്രയോജനപ്പെടുന്ന സൈറൺ സംവിധാനം പൊതുതാൽപര്യവും പൊതുസുരക്ഷയും മുൻനിർത്തി നിലനിർത്തണം. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വിഷയം വിശദമായി പരിഗണിച്ച് പ്രിൻസിപ്പൽ ഡയറക്ടറുടെ കത്ത് അംഗീകരിക്കാതെ പാലാ നഗരസഭയിലെ സൈറൺ സംവിധാനം തുടരാൻ തീരുമാനിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, അനൂപ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.





