General

സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര; എം.ടിക്ക് മലയാളം ഇന്ന് വിട നല്‍കും

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. ‘കാറ്റത്ത് ഒരു തിരിനാളം അണഞ്ഞു പോകുന്നതു പോലെ മരിക്കാനാണ് എനിക്കാഗ്രഹം’–മരണമെന്ന സത്യത്തെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞ കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ ‘സ്മൃതിപഥം’ എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിൽ. ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്.

മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. എംടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.

നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. എംടിയെന്ന രണ്ടക്ഷരത്തില്‍ സര്‍ഗാത്മകതയുടെ വിവിധ മേഖലകളില്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍.

ഇന്ത്യന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള്‍ പല തലമുറകളിളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് എം ടി സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *