മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി.
ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതി കരുതൽ തടങ്കലിലായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ഒന്നുമുതൽ രണ്ട് വർഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവിൽവെക്കാനാവും. ശക്തമായ ഇടപെടലിലൂടെ സ്ഥിരം കുറ്റവാളിയെ ജയിലിലടച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു.
മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ച് പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കിലിലാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് എക്സൈസ് വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം തയ്യാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയിലെ ആദ്യത്തെ പ്രതിയെയാണ് ഇപ്പോൾ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. ഇതിന് പുറമേ ആറ് പ്രതികളുടെ കരുതൽ തടങ്കൽ അപേക്ഷ കൂടി വിവിധ തലത്തിലെ പരിഗണനയിലുണ്ട്.
ജില്ലകളിൽ കൂടുതൽ പ്രതികളുടെ പട്ടിക തയ്യാറാക്കുകയുമാണ്. എക്സൈസ് ശുപാർശ ചെയ്യുന്ന കേസുകൾ, നിയമവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചാണ് കരുതൽ തടങ്കൽ ആവശ്യമാണോ എന്ന് നിശ്ചയിക്കുന്നത്.
സ്ക്രീനിംഗ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് കരുതൽ തടങ്കലിന് ഉത്തരവിടുന്നത്. ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കും. കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ജഡ്ജസ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയവുമായിരിക്കും