Blog

ലിറ്റിൽ കൈറ്റ്സ് : വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിന് സർക്കാർ അംഗീകാരം

വാകക്കാട്: സംസ്ഥാനത്ത് മികച്ച രീതിയിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരത്തിന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അർഹത നേടി.

2023-24 അധ്യയന വർഷത്തിലെ മൂന്ന് ബാച്ചുകളുടെയും പ്രവർത്തനങ്ങൾ ജില്ലാ – സംസ്ഥാന ജൂറി അംഗങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ലഭിക്കുന്ന അവാർഡ് 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ഓരോ യൂണിറ്റുകളും നടത്തിയ തനത് പ്രവർത്തനങ്ങൾ, ഐസിടി മേഖലയിലെ സാമൂഹിക ഇടപെടൽ, മറ്റു വിദ്യാർത്ഥികൾക്ക് കൊടുത്ത പരിശീലനങ്ങൾ, സ്കൂൾ വിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ, വിക്ടേസ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ തുടങ്ങിയവയാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.

ജില്ലയിലെ മലയോര ഗ്രാമമായ വാകക്കാട് ഐ. ടി യുടെ അവാർഡ് ലിറ്റിൽ കൈറ്റ്സിലൂടെ എത്തിക്കാൻ കഴി‍‍‍‍‍ഞ്ഞു എന്നതിൽ അൽഫോൻസാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളൂം അധ്യാപകരും രക്ഷിതാക്കളും വളരെയധികം സന്തോഷത്തിലും അഭിമാനത്തിലുമാണ്.

പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നും ലിറ്റിൽ കൈറ്റ്സ് അവാ‍ർഡ് കരസ്ഥമാക്കിയ ഏക വിദ്യാലയമാണ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ. സാമൂഹിക വിപത്തുകളെയും നവ മാധ്യമ സ്വാധീനനങ്ങളെയും നേരിടുന്നതിനുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും പരിശീലനം കൊടുക്കുന്നതിനായ് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പാസ്സ് (പ്രോജക്ട് എഗനിസ്റ്റ് സോഷ്യൽ സിൻസ്സ്) എന്ന പദ്ധതി ശ്രദ്ധേയമായിരുന്നു.

മീനച്ചിൽ നദിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായുള്ള വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് നിരന്തരം നടത്തുന്നു. പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ പരിപാലിക്കാം പരിസ്ഥിതിയെ… തോൽപിക്കാം പ്ലാസ്റ്റിക്കിനെ… എന്ന പദ്ധതി കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു.

പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക, വലിച്ചെറിയൽ മുക്ത ക്യാമ്പസ് എന്നീ പദ്ധതികളുടെ ബോധവൽക്കരണ ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നല്കുി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടസമാപനത്തിൻ്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തിലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി.

മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിച്ച് കേരളത്തെ വൈജ്ഞാനിക സമൂഹം ആയി മാറ്റുന്നതിനായ് സ്വതന്ത്ര വിജ്ഞാനോത്സവം നടത്തപ്പെട്ടു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ഉൾപ്പെടുത്തി നടത്തിയ ദി ഗ്രേറ്റ് എഡ്യുക്കേഷണൽ ഗെയിംസ് ഏവർക്കും കൗതുകമായി.

സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് നടത്തിയ എക്സിബിഷൻ മാതാപിതാക്കൾക്കും കുട്ടികൾക്കും നവ്യാനുഭവമായിരുന്നു. കൈറ്റ് വഴി സ്കൂളിൽ ലഭ്യമായിരിക്കുന്ന ആർഡിനോ കിറ്റ് ഉപയോഗിച്ച് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു. ആധുനിക ലോകത്തിൽ വിവിധ മേഖലകളിൽ റോബട്ടുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മൾട്ടിമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവരിച്ചു.

മൂന്നിലവ് ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടീമീഡിയ പ്രസൻ്റേഷൻ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യകരമായ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ നിരവധിപേർക്ക് പ്രയോജനകരമായി.

പ്രളയത്തിൽ മൂന്നിലവ് കടപുഴ പാലം തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പാലം തകർന്ന അവസ്ഥയിൽ തന്നെ കിടക്കുന്നതിൽ സാമൂഹികപ്രതിബദ്ധതയോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇടപെടൽ നടത്തി.
വി. അല്‍ഫോന്‍സാമ്മ അധ്യാപികയായിരുന്ന വാകക്കാട് സ്കൂളില്‍ വിവരവിനിമയസാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ഇന്നത്തെ കാലത്ത് പാഠ്യപാഠ്യേതരപ്രക്രിയകളില്‍ വലിയ പങ്ക് വഹിക്കാനാകും എന്ന ബോധ്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.

അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിതബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ് പബ്ലിഷിങ്, ഗ്രാഫിക് ഡിസൈനിങ്, മീ‍‍‍ഡിയ ആന്റ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു.

സമൂഹത്തിലുണ്ടാവുന്ന ഈ-മാലിന്യങ്ങളെ പറ്റിയും അവയുടെ ദൂഷ്യഫലങ്ങളെ പറ്റിയും അവ എങ്ങനെ സംസ്ക്കരിക്കണമെന്നും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ ബോധവല്‍ക്കരണം നടത്തി. കുട്ടികളുടെ ഇൻറ്റർനെറ്റ് ഉപയോഗത്തില്‍ മാതാപിതാക്കന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തികൊണ്ടിരിക്കുന്നു.
പുരസ്ക്കാരം കരസ്ഥമാക്കിയ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ‍ചീരാംകുഴി, പ്രോ വികാർ ഫാ. എബ്രാഹം തകടിയേൽ, ഹെഡ്മിസ്ട്രസ് സി.റ്റെസ് എഫ്.സി.സി, പിറ്റിഎ പ്രസിഡന്റ് റോബിൻ എപ്രേം എന്നിവർ അഭിനന്ദിച്ചു.

മനു കെ ജോസ് കൈറ്റ് മാസ്റ്ററായും ജൂലിയ അഗസ്റ്റിൻ കൈറ്റ് മിസ്ട്രസ്സായും അസിൻ നാർസിസ ബേബി,അവിര ജോബി, ജിസ എലിസബത്ത് ജിജോ, എസക്കിയ ജൊവാൻ ഇൻസെൻ്റ, ബിൻസ മരിയ ജെന്നി, ആൻ മരിയ അബിലാഷ് എന്നിവർ ലീ‍ഡർമാരായും ലിറ്റില്‍ കൈറ്റ്സ് പ്രവർത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നു. മൂന്നു ബാച്ചുകളിലായി 117കുട്ടികൾ ലിറ്റില്‍ കൈറ്റ്സില്‍ സജീവമായി പ്രവർത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *