പ്രവിത്താനം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2003-2006 ബാച്ചിലെ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.ക്യാമ്പിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സംസ്ഥാന ക്യാമ്പിൽ വരെ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ഹെഡ്മാസ്റ്റർ അജി വി.ജെ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ സി.ഡി. ദേവസ്യ ചെറിയമാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്., റിസോഴ്സ് പേഴ്സൺ സി. കൊച്ചുത്രേസ്യ പോൾ എന്നിവർ സംസാരിച്ചു.