General

സാമൂഹ്യ സേവന പുരസ്കാര തിളക്കത്തിൽ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക്, ഫാ. ഡേവിസ് ചിറമ്മേൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മദർ തെരേസ സേവന പുരസ്കാരത്തിന് കുറുമണ്ണ് സെന്റ്ജോൺസ് ഹൈസ്കൂളിലെ പത്ത് വിദ്യാർഥികൾ അർഹരായി.

ഓരോ വിദ്യാർത്ഥിക്കും 5000 രൂപയും പ്രശസ്തിപത്രവും ജൂലൈ 13 ന് എറണാകുളം സെന്റ് തെരേസ കോളേജിൽ വച്ചു നടന്ന ചടങ്ങിൽ മലങ്കര യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് വിതരണം ചെയ്തു.

ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ, മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുത്തു. ഫാ. ഡേവീസ് ചിറമ്മേലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ്, വളർന്നു വരുന്ന പുതിയ തലമുറയിൽ സാമൂഹിക പ്രതിബദ്ധതയും സഹജീവികളോടുള്ള സ്നേഹവും അനുഭാവവും വളർത്തുന്നതിനായി, സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന കുട്ടികൾക്കായി മദർ തെരേസ സേവന പുരസ്കാരം എന്ന പേരിൽ പുരസ്കാരം ഏർപ്പെടുത്തിയത്.

സ്കൂളിലെ യൂ. പി. വിഭാഗത്തിൽ നിന്നും അൽഫോൻസ് ജോർജ്,ക്രിസ്റ്റീന സണ്ണി, സൂര്യ രാജു, ആദിത്യ രൂപേഷ്, മാളവിക മനീഷ്, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആദിത്യറാം കെ വിൻസെന്റ്, ജോബൻ ചാർളി,ഷാരോൺ സാബു, ഗംഗാ മജുഷ്, അൽക്ക തോമസ് എന്നീ വിദ്യാർത്ഥികൾ പുരസ്കാരത്തിനർഹരായി.

സ്കൂളിലെ പൂർവവിദ്യാർത്ഥിയും അമേരിക്കൻ പ്രവാസിയുമായ മനോജ് മൈക്കിളാണ് സമ്മാനത്തുക സ്പോൺസർ ചെയ്തത്. കുറഞ്ഞത് 20 മണിക്കൂറെങ്കിലും സേവന പ്രവർത്തനങ്ങൾ ചെയ്തവരെ ഉൾപ്പെടുത്തിയ പട്ടികയിൽ നിന്നും ഏറ്റവും കൂടുതൽ സേവനം ചെയ്ത കുട്ടികളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

വരും വർഷങ്ങളിലും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും കൂടുതൽ കുട്ടികൾക്ക് ഈ പുരസ്കാര ലബ്ധി പ്രചോദനമാകുമെന്നും പുരസ്കാര വിതരണ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജോയി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *