കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ്ട്രോങ് റൂം പരിസരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുചൂണ്ടിയെന്ന മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
സ്ട്രോങ് റൂമിന്റെ താക്കോലുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകർക്കൊപ്പമാണ് താൻ സ്ഥലത്തെത്തിയതെന്ന് കളക്ടർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ തികച്ചും സുതാര്യമായാണ് വിഷയം പരിഗണിച്ചത്.
ഒരു ഘട്ടത്തിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുകയോ സൂരക്ഷാ ഉദ്യോഗസ്ഥർ തോക്കു ചൂണ്ടുകയോ ചെയ്തിട്ടില്ല.അടിസ്ഥാനമില്ലാത്ത വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.





