കോട്ടയം: കേരളത്തെ ദന്തൽ ചികിത്സാ രംഗത്ത് ആഗോള ഹെൽത്ത് ഹബ് ആക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്.
കോട്ടയം സർക്കാർ ദന്തൽ കോളജിൽ 16.5 കോടി രൂപ മുടക്കി നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് റിസർച്ച് ബ്ലോക്കിന്റെ ഉദ്ഘാടനവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിൻ്റെ കെട്ടിട നിർമാണോദ്ഘാടനവും നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിദേശത്തുള്ളവർക്ക് കേരളത്തിൽ വന്ന് ചെലവു കുറഞ്ഞ രീതിയിൽ ദന്ത ചികിത്സ നടത്തി തിരിച്ചു പോകാൻ സാധിക്കുമെന്നും അത്തരത്തിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ദന്തൽ കോളജിന് സമീപമുള്ള മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തുറമുഖ-സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളജിനൊപ്പം ദന്തൽ കോളജും ദേശീയ നിലവാരത്തിൽ മുന്നേറുന്നത് അഭിമാനകരമാണ്. ആരോഗ്യ മേഖലയിൽ കേരളം ആഗോള മാതൃക തീർത്താണ് മുന്നേറുന്നതെന്നും കഴിഞ്ഞ ഏഴു വർഷം ആരോഗ്യ മേഖലയുടെ സുവർണ കാലമാണെന്നും മന്ത്രി പറഞ്ഞു.
16.5 കോടി രൂപ ചെലവഴിച്ചാണ് ലോക നിലവാരത്തിലുള്ള അത്യാധുനിക ദന്താരോഗ്യ വിദ്യാഭ്യാസത്തിനുതകുന്ന നൂതന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. പ്രിൻസിപ്പൽ ഓഫീസ്, പ്രീ ക്ലിനിക്കൽ ലാബുകൾ, ലൈബ്രറി, ഓഡിറ്റോറിയം എന്നിവ ഈ കെട്ടിടത്തിൽ പ്രവർത്തനസജ്ജമാണ്.
സ്‌കിൽ ലാബ്, റിസർച്ച് ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സർക്കാർ ദന്തൽ കോളജിലെ ആദ്യത്തെ സ്‌കിൽ ലാബാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്
നബാർഡ് ധനസഹായത്തോടെ 10 കോടി രൂപ ചെലവിട്ടാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിൻ്റെ പുതിയ മന്ദിരം നിർമിക്കുന്നത്.
അഞ്ചു നിലകളിലായി 6000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രൂപകൽപന ചെയ്‌തിരിക്കുന്ന കെട്ടിടത്തിൽ ഒ.പി,. വിവിധ ലബോറട്ടറികൾ, ഐ സി യൂ യൂണിറ്റുകൾ, ചികിത്സാ മുറികൾ, ഫാർമസി, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഒന്നാം ഘട്ടമെന്ന നിലയിൽ ലഭ്യമായ ഭരണാനുമതി തുക ഉപയോഗിച്ച് ബേസ്മെൻ്റ് ഫ്ളോറും, ഗ്രൗണ്ട് ഫ്ളോറും പൂർത്തീകരിക്കാനാണ്. ഉദ്ദേശിക്കുന്നത്.
ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സാബു മാത്യു, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. ജി.സുജ അനി, ആരോഗ്യസർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽ കുമാർ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. എസ്.ശങ്കർ, ഗവൺമെന്റ് നഴ്സിങ്ങ് കോളജ് പ്രിൻസിപ്പൽ ഡോ. വി. കെ. ഉഷ, ,ഐ.സി.എച്ച് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ദന്തൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എസ്. മോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ,ദന്തൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. ജോർജ് വർഗീസ്, പി.ടി.എ. പ്രസിഡന്റ് സാം വർഗീസ് എന്നിവർ പങ്കെടുത്തു.