ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള തിടനാട് ജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സ് ആയിരുന്ന കുഴൽ കിണറും അതിനോടനുബന്ധിച്ചുള്ള മോട്ടോറും, പമ്പ് ഹൗസും അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നത് വിട്ടു നൽകണമെന്നും മോട്ടോർ നന്നാക്കാനും മറ്റും വസ്തുവിൽ കയറുന്നതിന് അനുവദിക്കണമെന്നും കാണിച്ച് പി.സി ചാർളി, പ്ലാത്തോട്ടം, അരുവിത്തുറ എന്നയാൾക്ക് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് അയച്ചു.
മുൻ എംഎൽഎ പി.സി ജോർജിന്റെ സഹോദരനായ പി.സി ചാർളി ഇപ്പോൾ ഈരാറ്റുപേട്ട നഗരസഭയിലേക്ക് അരുവിത്തറ ഡിവിഷനിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.
കേരള വാട്ടർ അതോറിറ്റി നിർമിച്ച ഈ കുഴൽ കിണറും , മോട്ടോറും, പമ്പ് ഹൗസും മറ്റും പി.സി ചാർളി കയ്യടക്കിയത് മൂലം 10 കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.
പൊതുമുതൽ കയ്യടക്കിയ പി.സി ചാർളിയുടെ നടപടി ക്രിമിനൽ കുറ്റവും, കുടിവെള്ളം മുടക്കിയത് ഉൾപ്പെടെയുള്ള നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് എൽഡിഎഫ് ഈരാറ്റുപേട്ട കമ്മിറ്റി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ കുടിവെള്ളം മുടക്കിയ ചാർളിയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായി എൽഡിഎഫ് സ്ഥാനാർത്ഥി ജെയിംസ് കുന്നേലും അറിയിച്ചു.





