General

കേരള ക്രിക്കറ്റ് ലീഗില്‍ തൊടുപുഴയുടെ അഭിമാനമായി ബ്ലൂടൈഗേഴ്‌സ് താരം ജോബിന്‍ ജോബി

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരവും തൊടുപുഴ സ്വദേശിയുമായ ജോബിന്റെ ബാറ്റിങ്ങിന് പതിനേഴഴകാണ്. ജൂനിയര്‍ മത്സരങ്ങള്‍ കളിക്കേണ്ട പ്രായത്തില്‍ ജോബിന്‍ കളിക്കുന്നത് കേരള ക്രിക്കറ്റ് ലീഗില്‍.

അനായാസം അതിര്‍ത്തി കടത്തുന്നതാകട്ടെ രഞ്ജിയടക്കമുള്ള മത്സരങ്ങള്‍ കളിച്ച മുതിര്‍ന്ന താരങ്ങളെ. മികച്ച പ്രകടനവുമായി കേരള ക്രിക്കറ്റില്‍ പുത്തന്‍ താരോദയമാവുകയാണ് ജോബിന്‍ ജോബി എന്ന പതിനേഴുകാരന്‍.

അഴകും ആക്രമണോല്‍സുകതയും ചേരുന്ന സുന്ദരമായ ബാറ്റിങ് ശൈലിയും വിക്കറ്റിന്റെ ഇരു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും ജോബിന്റെ സവിശേഷതയാണ്.

കഴിഞ്ഞ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന്റെ എല്ലാ ബൗളര്‍മാരും ബ്ലൂ ടൈഗേഴ്‌സ് താരം ജോബിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. 48 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും അടക്കം 79 റണ്‍സാണ് ജോബിന്‍ നേടിയത്.

ഡ്രൈവുകളും ലോഫ്റ്റഡ് ഷോട്ടുകളും അടക്കം മൈതാനമാകെ ഒഴുകിപ്പരക്കുന്ന ബാറ്റിങ്. ഓണ്‍ ദി റൈസ് പന്തുകളെ അനായാസം നേരിടുന്നതിലുള്ള മികവും ജോബിന്റെ മറ്റൊരു പ്രത്യേകതയാണ്. ടൂര്‍ണ്ണമെന്റില്‍ ട്രിവാണ്‍ഡ്രം റോയല്‍സിനെതിരെ എതിരെയുള്ള ആദ്യ മത്സരത്തിലും ജോബിന്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അന്ന് 34 പന്തില്‍ 48 റണ്‍സായിരുന്നു ജോബിന്‍ നേടിയത്.

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ജോബിന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. കേരളത്തിന്റെ അണ്ടര്‍ 19 ടീമില്‍ അംഗമായ ജോബിന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ച്ച വച്ചിട്ടുണ്ട്. കാഞ്ഞിരമറ്റം പെണ്ടനാത് വീട്ടില്‍ ജോബിയുടെയും മഞ്ജുവുന്റെയും മകനാണ് ജോബിന്‍.

മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സഹോദരന്‍ റോബിന്‍ കോതമംഗലം എംഎ കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി.

Leave a Reply

Your email address will not be published. Required fields are marked *