കോട്ടയം :താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ 9 മുതൽ 16 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്കു ഡിസംബർ ആറുവരെ പോർട്ടൽ വഴി പരാതികൾ നൽകാം.
സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെയും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ അദാലത്തുകൾ. ഡിസംബർ മൂന്നു വരെ 86 പരാതികൾ അദാലത്തിലേക്ക് പരിഗണിക്കാനായി ലഭ്യമായിട്ടുണ്ട്.
പൊതുജനങ്ങൾക്ക് കരുതൽ (karuthal.kerala.gov.in ) എന്ന പോർട്ടൽ മുഖാന്തരം അപേക്ഷകൾ/പരാതികൾ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ, ഓൺലൈൻ, താലൂക്ക് കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള അദാലത്ത് കൗണ്ടറുകൾ എന്നിവ മുഖേന പരാതികൾ/ അപേക്ഷകൾ സമർപ്പിക്കാം.
ഒരു അപേക്ഷയിൽ ഒന്നിൽ കൂടുതൽ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്താൻ പാടില്ല. പരാതിക്കാരന്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അപേക്ഷകർ പരാതിയുടെ കൈപ്പറ്റ് രസീത് വാങ്ങണം.
ജില്ലയിൽ അദാലത്ത് നടക്കുന്ന താലൂക്ക്, തിയതി, സമയം, വേദി എന്നക്രമത്തിൽ:
കോട്ടയം: ഡിസംബർ 9: രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂൾ ഹാൾ.
ചങ്ങനാശ്ശേരി: ഡിസംബർ 16 : രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ. മീനച്ചിൽ: ഡിസംബർ 13: രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, പാലാ മുനിസിപ്പൽ ടൗൺ ഹാൾ.
വൈക്കം:ഡിസംബർ 10 : രാവിലെ 10.00 മണി മുതൽ വൈകിട്ട് നാലുമണിവരെ, വല്ലകം, സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാൾ, വൈക്കം. കാഞ്ഞിരപ്പളളി: ഡിസംബർ 12 നു നിശ്ചയിച്ചിരുന്ന അദാലത്ത് മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.