Kaduthuruthy

കടുത്തുരുത്തി ടൗൺ ബൈപാസ് ഒരു വർഷത്തിനുള്ളിൽ: മോൻസ് ജോസഫ് എംഎൽഎ

കടുത്തുരുത്തി ∙ടൗൺ ബൈപാസ് നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ തുറന്നു നൽകുമെന്ന് മോൻസ് ജോസഫ് എം എൽ എ. ബൈപാസിന്റെ അന്തിമ ഘട്ട നിർമാണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബൈപാസിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.

ബൈ പാസ് അന്തിമ ഘട്ട പൂർത്തീകരണത്തിന് 9.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇനിയുള്ള മുഴുവൻ നിർമാണ ജോലികളും ഒറ്റയടിക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അവസാന ഘട്ട നിർമാണ ജോലികൾ ഇന്നലെ മുതൽ ആരംഭിച്ചു.

2008-ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മോൻസ് ജോസഫ് പ്രവർത്തിച്ചിരുന്ന സന്ദർഭത്തിലാണ് 5 കോടി രൂപ അനുവദിച്ചു ബൈപാസിന് തുടക്കം കുറിച്ചത്. 2013 കാലഘട്ടത്തിൽ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ബ്ലോക്ക് ജംക്‌ഷനിൽ നിന്നും ഐടിസി ജംക്‌ഷനിൽ നിന്നും തുടക്കം കുറിച്ചു.

വലിയ പള്ളിക്കും താഴത്ത് പള്ളിക്കും സമീപത്തായി ഫ്ലൈ ഓവർ നിർമാണവും ചുള്ളി തോടിന് കുറുകെ പാലത്തിന്റെ നിർമാണവും പൂർത്തീകരിച്ചു. 2018 ലെ പ്രളയത്തെ തുടർന്ന് ബൈ പാസ് പ്ലാനിൽ മാറ്റം വരുത്താൻ തീരുമാനിച്ചതാണ് ബൈ പാസ് നിർമാണം നീണ്ടുപോകാൻ ഇടയാക്കിയതെന്ന് എംഎൽഎ പറഞ്ഞു.

ഇപ്പോൾ നിർമിച്ചിട്ടുള്ള ഫ്ലൈ ഓവർ, വലിയതോട്, ചുള്ളി തോട് പാലങ്ങൾ എന്നിവയുമായി സംയോജിപ്പിച്ചു കൊണ്ടുള്ള റോഡ് നിർ‌മാണ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. കടുത്തുരുത്തി വലിയ പള്ളിക്കും, താഴത്ത് പള്ളിക്കും ബൈപാസിൽ നിന്നും പ്രവേശനം വേണമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് നൽകും.

ബൈപാസിനു സമീപമുള്ള വീട്ടുകാരുടെ പരാതികളും ആവശ്യങ്ങളും പരിഹരിക്കും. ബൈപാസിന്റെ ജോലികൾ നടത്തുമ്പോൾ ഉണ്ടാകുന്ന പരാതികൾ പൊതുമരാമത്ത് വകുപ്പിന് നൽകാം. ഇതെല്ലാം പരിഹരിച്ചാകും ബൈപാസ് പൂർത്തീകരിക്കുക. 20 കോടിയിലധികം രൂപയാണ് ബൈപാസ് പൂർത്തീകരണത്തിനായി ചെലവഴിക്കുന്നത്.

ബ്ലോക്ക് ജംക്‌ഷനിൽ കൊല്ലാപറമ്പ് ഭാഗത്തേക്കുള്ള വഴിയിൽ അണ്ടർപാസ് സൗകര്യം ലഭ്യമാക്കും. ബൈപാസ് പൂർത്തീകരണം വരെ എല്ലാ മാസവും നിർമാണ പുരോഗതി വിലയിരുത്തുമെന്നും എംഎൽഎ പറഞ്ഞു.

സിഗ്നൽ സംവിധാനവും സുരക്ഷാ നടപടികളും പൂർത്തിയാക്കിയാകും ബൈപാസ് തുറന്നു നൽകുക. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആർ. നീത, അസി. എൻജിനീയർ രേഷ്മ ജോഷി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത, പഞ്ചായത്തംഗങ്ങളായ സ്റ്റീഫൻ പാറാവേലി, നോബി മുണ്ടക്കൻ, ടോമി നിരപ്പേൽ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *