General

43 തവണ രക്തദാനം നടത്തി മാതൃകയായി ജെറിൻ വർഗീസ്; സംസ്ഥാന സർക്കാരിന്റെ ആദരം

തലനാട്: സന്നദ്ധ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് സംസ്ഥാന സർക്കാരിന്റെ ആദരം നേടിയിരിക്കുകയാണ് തലനാട് സ്വദേശി ജെറിൻ വർഗീസ്. 18 മുതൽ 30 വയസ്സ് വരെയുള്ള പ്രായത്തിനിടയിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ തവണ സന്നദ്ധ രക്തദാനം നടത്തിയ യുവാവെന്ന നേട്ടത്തിനാണ് ജെറിനെ സംസ്ഥാന സർക്കാർ ആദരിച്ചത്. തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

സംസ്ഥാനത്തെ രക്തബാങ്കുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും രക്തശേഖരണ-വിതരണ സംവിധാനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ജെറിന് ഈ അംഗീകാരം ലഭിച്ചത്. സന്നദ്ധ രക്തദാന മേഖലയിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ആദരവ് നൽകിയത്.

ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരനായ ജെറിൻ ഇതുവരെ 43 തവണ രക്തദാനം നടത്തി. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് സന്നദ്ധ രക്തദാന രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. എസ്.എഫ്.ഐ പൂഞ്ഞാർ ഏരിയ പ്രസിഡന്റായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്ന കാലത്താണ് രക്തദാന ക്യാമ്പുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായത്.

അന്ന് ആരംഭിച്ച സേവനപ്രവർത്തനം പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി. അടിയന്തര സാഹചര്യങ്ങളിൽ ഏത് സമയത്തും രക്തദാനത്തിനായി എത്തുന്ന ജെറിൻ നിരവധി രോഗികൾക്ക് ജീവന്റെ പ്രതീക്ഷയായിട്ടുണ്ട്. പലപ്പോഴും ജോലി തിരക്കുകൾ മാറ്റിവെച്ചും അവധി എടുത്തുമാണ് വിവിധ ആശുപത്രികളിൽ രക്തദാനം നടത്താൻ അദ്ദേഹം എത്തുന്നത്.

തലനാട് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ ജെറിൻ നിലവിൽ ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റും സി.പി.ഐ.(എം) തലനാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം സന്നദ്ധ സേവന രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമാണ്.

രക്തദാനം ഒരു മഹത്തായ സാമൂഹിക ഉത്തരവാദിത്തമാണെന്നും കൂടുതൽ യുവാക്കൾ സന്നദ്ധ രക്തദാന രംഗത്തേക്ക് കടന്നുവരണമെന്നും ജെറിൻ പറയുന്നു. തലനാട് നീറനാനിയിൽ വർഗീസിന്റെയും മേരിയുടെയും മകനാണ് ജെറിൻ.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സന്നദ്ധ സേവനങ്ങളിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന യുവജനനിരയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ജെറിൻ വർഗീസിന്റെ നേട്ടം തലനാടിനും കോട്ടയം ജില്ലയ്ക്കും അഭിമാനമായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *