Pala

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാലാ നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന മായാ രാഹുലിനെയും ഇവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന രാഹുല്‍ പി എന്‍ ആറിനെയും പുറത്താക്കി

പാലാ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാലാ നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന മായാ രാഹുലിനെയും ഇവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന രാഹുല്‍ പി എന്‍ ആറിനെയും പുറത്താക്കി.

പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ തിരഞ്ഞെടുപ്പില്‍ റിബലായി മായ മത്സരത്തിനിറങ്ങിയതിനാലാണ് ഇരുവര്‍ക്കും എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ പത്തൊമ്പതാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച മായാ രാഹുലിന് വനിത സംവരണ സീറ്റായ പതിനെട്ടാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതെയാണ് ജനറല്‍ സീറ്റായ 19-ാം വാര്‍ഡില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാനുമായ പ്രൊഫ. സതീശ് ചൊള്ളാനിക്കെതിരെ മത്സരിക്കുന്നത്.

ജനറല്‍ സീറ്റില്‍ മായയോ, താനോ അവകാശവാദം ഉന്നയിക്കില്ല എന്ന് 2020ല്‍ തന്നെ മായയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായ രാഹുല്‍ രേഖാമൂലം ഡിസിസി നേതൃത്വത്തിന് എഴുതി നല്‍കിയിരുന്നതാണ്.

ഇതിനാല്‍ തന്നെ പാര്‍ട്ടിയിലെ മുന്‍ധാരണകളെ ധിക്കരിച്ച് മത്സരരംഗത്ത് ഇറങ്ങിയവരോട് യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല എന്ന് കടുത്ത തീരുമാനത്തിലേക്ക് ആണ് ഡിസിസി നേതൃത്വം എത്തിയത്. ഇതിനെ തുടര്‍ന്ന് ഇരുവരെയും പുറത്താക്കി കൊണ്ടുള്ള തീരുമാനം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് ആണ് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *