General

ഹ്യൂമനോയിഡ് റോബോട്ടുകളെ നൃത്തം ചെയ്യിപ്പിച്ച് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

വാകക്കാട് : ‘ഈ റോബോട്ടുകൾ ഇങ്ങനെ നൃത്തമൊക്കെ ചെയ്യുമോ? ഇനി കലാരംഗത്തും ഇവർ തന്നെ ആയിരിക്കുമോ താരങ്ങൾ!’ എന്ന ആൻമരിയയുടെ സംശയം എല്ലാവരിലേക്കും നിമിഷനേരങ്ങൾക്കുള്ളിൽ കടന്നെത്തി. മനുഷ്യശരീരത്തോട് സാമ്യമുള്ള ഒരു റോബോട്ടായ ഹ്യൂമനോയിഡ് റോബോട്ടുകളുടെ നൃത്തച്ചുവടുകൾ കണ്ടപ്പോഴാണ് കുട്ടികൾക്ക് സംശയമുണ്ടായത്.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അനുമോദനയോഗത്തിലും കേന്ദ്രസർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് സ്പോൺസർ ചെയ്ത് നടത്തുന്ന സയൻസ് എസ്കർഷനിലും പങ്കെടുക്കുന്നതിനായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങിൽ എത്തിയതായിരുന്നു വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ.

കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമായ വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് അനുഭവിച്ചറിഞ്ഞപ്പോൾ അത് സാങ്കല്പികമോ, യാഥാ൪ത്ഥ്യമോ? എന്ന് കുട്ടികൾക്ക് അതിശയം.

സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് ശബ്ദസന്നിവേശത്തോടെ യഥാർത്ഥ ലോകത്തിന്റെ പ്രതീതിയിൽ നിർമ്മിക്കുന്ന അയഥാർത്ഥ ലോകമായ വെർച്വൽ റിയാലിറ്റി എന്ന സങ്കേതത്തിന് പ്രസക്തിയേറുകയാണെന്ന് കുട്ടികൾ അനുഭവിച്ചറിഞ്ഞു.

ഒരു ഡിജിറ്റൽ ഫയലിൽ നിന്ന് ത്രിമാന ഒബ്ജക്റ്റുകൾ നിർമ്മിക്കുന്ന പ്രക്രിയയായ 3 ഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യയും കുട്ടികൾ കൗതുകത്തോടെ വീക്ഷിച്ചു. 3ഡി പ്രിൻ്റർ മെറ്റീരിയലിൻ്റെ തുടർച്ചയായ പാളികൾ നിരത്തി ഒരു വസ്തു സൃഷ്ടിച്ചെടുക്കുന്നത് കുട്ടികൾ സൂക്ഷ്മതയോടെ നിരീക്ഷിച്ചു.

റോബോട്ടിക് വെൽഡിങ് മെഷിൻ ഉപയോഗിച്ച് വെൽഡിങ് നടത്തുന്നതും ത്രീഡി പ്രിൻറർ ഉപയോഗിച്ച് വിവിധ വസ്തുക്കൾ ഉണ്ടാക്കുന്നതും കുട്ടികൾക്ക് നവ്യാനുഭവമായി. മെക്കാനിക്കൽ എൻജിനീയറിങ് സെക്ഷനിൽ വിവിധ വാഹനങ്ങളും യന്ത്രങ്ങളും കുട്ടികൾ പ്രവർത്തിച്ചു.

തേങ്ങാ പൊതിക്കുന്ന പ്രസിദ്ധമായ പാര കണ്ടുപിടിച്ച കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി മുൻ അക്കാദമിക് ഡീൻ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. ​​ജിപ്പു ജേക്കബ് പുരസ്കാരം നേടിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഷീൽഡ് സമ്മാനിച്ചു.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങിലെ ഇൻകുബേഷൻ ആൻഡ് ഇൻഡസ്ട്രി കണക്ട് സിഇഒ ഡയറക്ടർ ഡോ. ഷെറിൻ സാം ജോസ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. ​​ജിപ്പു ജേക്കബ്, ഇൻഫോർമേഷൻ ടെക്നോളജി വിഭാഗം പ്രൊഫസർ ഡോ. ആഷാ ജോസഫ്,

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ എബി വർഗീസ്, ടെക്നിക്കൽ ഓഫീസർ അഖിൽ രാജ്, വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ, അധ്യാപകരായ രാജേഷ് മാത്യു, ജോസഫ് കെ വി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *