Pala

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളേജ്

പാലാ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ റാങ്കുകള്‍ ഉള്‍പ്പെടെ 64 ഉന്നതറാങ്കുകള്‍ കരസ്ഥമാക്കി. പതിനഞ്ച് ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ നിന്നാണ് കോളജിന് ഈ നേട്ടം സ്വന്തമായത്.

UGC/NET പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിച്ചു. 2022-24 അധ്യയനവര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന്‍ സെറിമണി ‘ഗൗദിയം പ്ലാറ്റിനം’ കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു.

മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറും ഭാഷാപോഷിണി എഡിറ്റര്‍ ഇന്‍ ചാര്‍ജും സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ശ്രീ. ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തി.

നേടിയ അറിവുകളുടെ ദീപപ്രഭയില്‍ കാലടികളേറെ പതിഞ്ഞ പാതകള്‍ വിട്ട് സഞ്ചരിച്ച് ജീവിതവിജയവും സമൂഹനന്മയും നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ആമുഖപ്രഭാഷണം നിര്‍വ്വഹിച്ചു.

സെന്റ് തോമസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും ചൂണ്ടച്ചേരി S.J.C.E.T. ഡയറക്ടറുമായ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ജോജി അലക്‌സ്, പി.റ്റി.എ. വൈസ് പ്രസിഡന്റ് ഡോ. ബേബി സെബാസ്റ്റ്യന്‍ മുതലായവര്‍ നേതൃത്വം നല്‍കി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ എന്‍ഡോവ്‌മെന്റുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *