Kottayam

എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം; കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: കുടമാളൂർ എൻഎസ് എസ് കരയോഗ മന്ദിരത്തിൽ അതിക്രമിച്ച് കയറി ഭാരവാഹികളെ മർദ്ദിക്കുകയും ഫർണിച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.

വിഷു ദിനത്തിൽക്ഷേത്രങ്ങളിലെ ഉൽസവത്തോട് അനുബന്ധിച്ചുള്ള ഗരുഡൻ പറക്കലുമായി ബന്ധപ്പെട്ട് വരുന്നവർക്ക് കയറി ഇരിക്കുവാനും വിശ്രമിക്കുവാനും കരയോഗ മന്ദിരം തുറന്ന് കൊടുത്തിരുന്നു. ഇവിടെ ഇരുന്നിരുന്ന സ്ത്രീകൾ അടക്കമുള്ള വരുടെ ഇടയിലേക്ക് ഓടിയെത്തിയ പത്തോളം വരുന്ന അക്രമികൾ ആളുകളെ യാതൊരു കാരണവുമില്ലാതെ മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം എല്പിക്കുകയും ചെയ്തു. കരയോഗം പ്രസിഡന്റിന്റെ മകന്റെ തലക്ക് ഗുരതരമായ പരുക്കേറ്റു.

ഗുരുതരമായ ഈ സംഭവം ഉണ്ടായിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റവാളികളിൽ ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് കുറ്റകരമായ അനാസ്ഥ കാട്ടുകയാണന്ന് ഫ്രാൻസിസ് ജോർജ് എം.പി ആരോപിച്ചു.

ജനങ്ങളുടെ സ്വൈര ജീവിതം തകർക്കുന്ന ഇത്തരം കുറ്റവാളികളെ അറസ്റ്റ് ചെയ്ത് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തകർക്കപ്പെട്ട കരയോഗ മന്ദിരം ഫ്രാൻസിസ് ജോർജ് എം.പി സന്ദർശിച്ച് ഭാരവാഹികളുമായി ചർച്ച നടത്തി.

ജില്ലാ പോലീസ് മേധാവിയുമായി ഫോണിൽ എം.പി സംസാരിച്ചു. അടിയന്തിമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻഎസ്എസ്‌ താലൂക്ക് യൂണിയൻ സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ,കരയോഗം പ്രസിഡന്റ് വേണുഗോപാലൻ നായർ, സെക്രട്ടറി കെ.രാധാകൃഷ്ണൻ നായർ ,രമേഷ് ചിറ്റക്കാട്ട് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *