കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ 1981 മുതൽ 1990 വരെ ഡയറക്ടറായി സേവനം ചെയ്ത ഫാ. ജോസഫ് മഞ്ഞനാനിക്കൽ സി.എം.ഐ (86) നിര്യാതനായി.
മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ ആരംഭിച്ചതും, മേരീക്വീൻസ് സ്‌കൂൾ ഓഫ് നഴ്‌സിംഗ്, ആശുപത്രിയോട് അനുബന്ധിച്ചു ജീവനക്കാർക്കും, രോഗികൾക്കും ഉപയോഗപ്രദമായ രീതിയിൽ ഭക്ഷണശാല, നഴ്‌സുമാർക്കായി ഹോസ്റ്റൽ സൗകര്യം എന്നിവ പ്രവർത്തന സജ്ജമാക്കിയതും ബഹു. ജോസഫ് അച്ചൻ്റെ പ്രവർത്തനകാലഘട്ടത്തിൽ ആയിരുന്നു.
ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ചതും ജോസഫച്ചനായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. ആശുപത്രി ഐ.പി വിഭാഗത്തിനായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും അച്ചൻ മേൽനോട്ടം വഹിച്ചു.
കാഞ്ഞിരപ്പളളി രൂപതയിലെ കപ്പാട് ഇടവകയിലെ മഞ്ഞനാനിക്കൽ തോമസ് – ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം, 1967 ൽ വൈദികനായി. ദീപികയിൽ 1968 മുതൽ 1975 വരെ സേവനം ചെയ്ത അദ്ദേഹം ആനിക്കാട്, മുണ്ടിയെരുമ, പാലമ്പ്ര, ചക്കുപള്ളം, കുറുമ്പനാടം, കുളത്തൂർ ഇടവകകളിലും സേവനം ചെയ്‌തിട്ടുണ്ട്.
ജോസഫച്ചൻ്റെ ഭൗതീകദേഹം 26.07.2024 (വെള്ളിയാഴ്ച്ച) രാവിലെ 07.30 മുതൽ മേരീക്വീൻസ് മോർച്ചറി ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. തുടർന്ന് രാവിലെ 08.15 മുതൽ പാലമ്പ്ര ഗദ്സമേൻ ഇടവക ദൈവാലയത്തിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 2.00 മണിക്ക് പാലമ്പ്ര ഗദ്സമേൻ ഇടവക ദൈവാലയത്തിൽ വി. കുർബാനയോട് കൂടി ആരംഭിക്കുന്നതാണ്.