Erattupetta

കാണാതായ അഞ്ചുവയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ഈരാറ്റുപേട്ട പോലീസ്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാനപ്പാറയിൽനിന്ന് കാണാതായ അഞ്ചുവയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ഈരാറ്റുപേട്ട പോലീസ്. കൂരോപ്പട സ്വദേശിയായ ഹരിയുടെ മകൻ അയാനെയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തിയത്. അമ്മയുടെ തറവാട്ടുവീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി.

കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച ഉടൻ സമീപ പോലീസ് സ്റ്റേഷനുകളിലേക്കും പട്രോളിങ് വാഹനങ്ങളിലേക്കും വയർലെസ് സന്ദേശം കൈമാറി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി.

അന്വേഷണത്തിനിടെ, സ്ഥലപരിചയമില്ലാത്ത കുട്ടി അധികദൂരം പോകാൻ സാധ്യതയില്ലെന്നും സമീപത്തെ കുറ്റിക്കാടുകളിൽ പരിശോധന നടത്തണമെന്നുമുള്ള നിഗമനത്തിലെത്തിയത് ഈരാറ്റുപേട്ട സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ സി.പി.ഒ. ശിഹാബാണ്. തുടർന്ന് പ്രദേശവാസികളായ മൂന്നുപേരോടൊപ്പം നടത്തിയ തിരച്ചിലിനൊടുവിൽ, കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 300 മീറ്റർ അകലെ അമ്മയുടെ തറവാട്ടുവീടിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് വൈകിട്ട് 3.30-ഓടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *