Erattupetta

ഈരാറ്റുപേട്ടയില്‍ നഗരസഭ നമസ്‌തേ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: കക്കൂസ് മാലിന്യ സംസ്‌കരണത്തിന് അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമേ അനുമതി ഉള്ളുവെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അറിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്റ അബ്ദുല്‍ ഖാദര്‍.

നഗരസഭാ പരിധിയില്‍ സെപ്റ്റേജ് മാലിന്യം കൈകാര്യംചെയ്യുന്ന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച രജിസ്ട്രേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.

നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിട്ടേഷന്‍ എക്കോ സിസ്റ്റം (നമസ്‌തേ) സ്‌കീമിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ മൂന്നുവരെ നഗരസഭാ ഹാളിലായിരുന്നു ക്യാമ്പ്.

സെപ്‌റ്റേജ് മാലിന്യം കൈകാര്യംചെയ്യുന്ന തൊഴിലിലേര്‍പ്പെടുന്നവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, തൊഴില്‍ സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്റ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനുള്ള സ്വയം തൊഴില്‍ പദ്ധതി പരിഷ്‌ക്കരിച്ചതാണ് യന്ത്രവല്‍കൃത ശുചിത്വ ഇക്കോ സിസ്റ്റം (നമസ്ടെ) എന്ന ദേശീയ നടപടി.

സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെയും ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് നമസ്തെ. അപകടകരമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലിനജല, സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് നമസ്തെയുടെ പ്രാഥമിക ലക്ഷ്യം.

വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷെഫ്‌ന അമീന്‍, ക്ലീന്‍ സിറ്റി മാനേജര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി എച്ച് അനീസ, പ്രജിത, സോണി, ശുചിത്വ മിഷന്‍ പ്രതിനിധി എം എം അബ്ദുല്‍ മുത്തലിബ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *