Kottayam

അപ്പീൽ നൽകിയാലേ വിവരം കൈമാറു എന്ന രീതി സ്വീകരിച്ചാൽ കർശന നടപടി: വിവരാവകാശ കമ്മിഷണർ

കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ അപ്പീൽ നൽകിയാലേ വിവരങ്ങൾ നൽകൂ എന്നു ശാഠ്യം പിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ: കെ.എം. ദിലീപ്.

വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായി അപേക്ഷകർക്കു വിവരങ്ങൾ നൽകേണ്ടതുണ്ട്. അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ വിവരം കൈമാറാതെ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്കു വിവരങ്ങൾ കൈമാറുന്ന രീതി ഉദ്യോഗസ്ഥർ വച്ചുപുലർത്തുന്നുണ്ട്.

ഇവർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമെന്നു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിനു ശേഷം വിവരാവകാശ കമ്മിഷണർ ഡോ: കെ.എം. ദിലീപ് പറഞ്ഞു. സിറ്റിങ്ങിൽ 35 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 32 എണ്ണം തീർപ്പാക്കി.

മൂന്നുകേസുകൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. തദ്ദേശ സ്വയം ഭരണവകുപ്പ്, സർവകലാശാല, വനംവകുപ്പ്, വാട്ടർ അതോറിട്ടി, ആരോഗ്യം, പോലീസ്, വിജിലൻസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളിലുള്ള പരാതികളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *