ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈക്കം ടൗൺ റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ കുട്ടികൾക്കായി പ്രമേഹ അവബോധ പരിപാടി നടത്തി.
നവംബർ 14 ശിശുദിനത്തോടൊപ്പം ലോക പ്രമേഹ ദിനവും ആചരിക്കപ്പെടുന്നതിനാൽ അന്നു മുതൽ എൽ.പി., യു.പി. കുട്ടികൾക്കായി ജീവിത ശൈലീരോഗങ്ങളെക്കുറിച്ചും കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹരോഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി ഒട്ടേറെ പരിപാടികൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണ് ഡിസംബർ 5 വെള്ളിയാഴ്ച ചെമ്പ് വിജയോദയം സ്കൂളിൽ ഈയൊരു പരിപാടി സംഘടിപ്പിച്ചത്.
കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൾട്ടൻ്റായ ഡോ. പി.വിനോദ് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ആധുനിക ജീവിത ശൈലിയിൽ പ്രമേഹം എന്നത് അറിയുകയും മനസ്സിലാക്കുകയും നിയന്ത്രിക്കാൻ വളരെ ശ്രദ്ധ പുലർത്തേണ്ടതുമായ ഒരു വിഷയമാണെന്ന് കുട്ടികളെ ധരിപ്പിച്ചു.
ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡൻ്റും വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി പ്രസിഡൻ്റുമായ ഡോ. അനൂപ്കുമാർ. ആർ അവലോകന സന്ദേശം നൽകി. വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് റൊട്ടേറിയൻ കെ.എസ്. വിനോദ്, വൈസ്മെൻ നാരായണൻ നായർ, ഹെഡ്മിസ്ട്രസ് സുനിത. പി. എസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ്. വി തുടങ്ങിയവർ സംസാരിച്ചു.
ഹെൽത്തി ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി നമശ്ശിക്കും ഹെൽത്തി ഹീറോയിൻ ആയി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമത്ത് റെയ്ഹാനക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.





