കോട്ടയം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആയിരം കോടിയോളം രൂപയുടെ വികസനം റെയിൽവേയുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയതിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നു.
റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു.
കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന് 36.89 കോടി, കടുത്തുരുത്തിക്ക് 19.33 കോടി, കുറുപ്പന്തറയ്ക്ക് 30.56 കോടി, കോതനെല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ച് കോടി എന്നിങ്ങനെ 91.78 കോടി രൂപയാണ് ലഭ്യമാക്കിയിട്ടുള്ളത്.
കാരിത്താസിൽ 13.55 കോടിയുടേയും മുളന്തുരുത്തിയിൽ 24.98 കോടിയുടേയും മേൽപ്പാലങ്ങളുടെ നിർമ്മാണം നടക്കുന്നതായും എംപി അറിയിച്ചു. റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് 925.796 കോടി രൂപ മണ്ഡലത്തിൽ വിനിയോഗിച്ചതായി തോമസ് ചാഴികാടൻ എം.പി പറഞ്ഞു. 2001ൽ ആരംഭിച്ച പാത ഇരട്ടിപ്പിക്കൽ നിരന്തരമായ ഇടപെടലിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കായംകുളം-കോട്ടയം-എറണാകുളം റെയിൽപാതയിൽ വേഗം 110 കിലോമീറ്ററാക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നതായും തോമസ് ചാഴികാടൻ എംപി അറിയിച്ചു. മെമു, വന്ദേ ഭാരത് ട്രെയിനുകൾ കോട്ടയം വഴി സർവീസ് ആരംഭിച്ചത് റെയിൽ വികസനരംഗത്ത് ജില്ലയ്ക്ക് ഏറെ നേട്ടമായി. പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചതും എംപിയുടെ നിരന്തര ഇടപെടലിലാണ്.
പാത ഇരട്ടിപ്പിക്കലും കോട്ടയം റെയിൽവേ സ്‌റ്റേഷൻ റീ മോഡലിംഗിനുമായി 750 കോടി രൂപയുടെ പദ്ധതിയാണ് യാഥാർത്ഥ്യമാക്കിയത്. രണ്ടാം പ്രവേശനകവാടം, പാർക്കിംഗ് ഏരിയ, പിൽഗ്രിം സെന്റർ, മൾട്ടി ലെവൽ ടൂവീലർ പാർക്കിംഗ്, സ്റ്റേഷൻ മോടിപിടിപ്പിക്കൽ, കാൽനട മേൽപ്പാലം, ലിഫ്റ്റ്, ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞത് കോട്ടയത്ത് റെയിൽവേ സ്‌റ്റേഷന്റെ മുഖഛായതന്നെ മാറ്റി.
അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് ലഭ്യമായത് 4.49 കോടി രൂപയാണ്. ചോറ്റാനിക്കര, മുളന്തുരുത്തി, കാഞ്ഞിരമറ്റം, പിറവം റോഡ്, കടുത്തുരുത്തി, ഏറ്റുമാനൂർ, കുമാരനെല്ലൂർ സ്‌റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ഉയർത്തൽ, ലിഫ്റ്റ്, സീറ്റ്, കുടിവെള്ള സൗകര്യം എന്നിവയ്ക്കായി 14.676 കോടി രൂപയാണ് വിനിയോഗിച്ചത്. പിറവം റോഡ് റെയിൽവേ സ്‌റ്റേഷനിൽ .53 കോടി രൂപ വിനിയോഗിച്ച് അപ്രോച്ച് റോഡ് ടാറിംഗ് നടത്തിയതായും എംപി അറിയിച്ചു.
ജനകീയ ആവശ്യം പരിഗണിച്ച് ലക്ഷ്യമിട്ട നാല് റെയിൽമേൽപ്പാലങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ കഴിയുന്നത് കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ റോഡ്, റെിയൽ ഗതാഗതരംഗത്ത് ഏറെ നേട്ടമാകുമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു.