Kottayam

മോർച്ചകളുടെ സംസ്ഥാന ഭാരവാഹി യോഗങ്ങൾ പൂർത്തിയായി: വിവിധ മേഖലകളിൽ ബി ജെ പിയുടെ സ്വാധീനം ശക്തപ്പെടുത്താൻ തീരുമാനം

കോട്ടയം: ബിജെപിയുടെ വിവിധ മോർച്ചകളുടെ യോഗം കോട്ടയത്ത് ചേർന്നു. സ്ത്രീകളുടെ നിലപാട് ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പട്ടികജാതി, പട്ടികവർഗ സമൂഹത്തിന്റെ പിന്തുണയും പരമാവധി സമാഹരിക്കണമെന്ന് വിവിധ മോർച്ചകളുടെ സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ സംസാരിക്കവേ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ പാർട്ടിയിലേക്ക് എത്തിക്കണമെന്നും സാമൂഹ്യ വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണമെന്നും ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊണ്ട വിശ്വാസികളായ നൂറുകണക്കിന് വനിതകളെ കള്ളക്കേസിൽ കുടുക്കിയ സർക്കാരാണ് ഇപ്പോൾ അയ്യപ്പ സംഗമവുമായി വരുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് പറഞ്ഞു.

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി, മഹിളാ മോർച്ച ജനറൽ സെക്രട്ടറിമാരായ ശ്രീജ സി. നായർ, സിനി മനോജ്, ബീന ആർ.സി എന്നിവർ പ്രസംഗിച്ചു.

പട്ടികജാതി മോർച്ച സംസ്ഥാന ഭാരവാഹിയോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷനും എസ് സി മോർച്ച സംസ്ഥാന പ്രഭാരിയുമായ അഡ്വ പി സുധീർ, പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്, എസ് സി മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്, എസ് സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കേരള സർക്കാർ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യോഗത്തിൽ നിശ്ചയിച്ചു.

വികസിത കേരളം എന്ന ആശയത്തെ മുൻനിർത്തി പിന്നാക്ക ജനവിഭാഗങ്ങൾക്കായി മോദി സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാൻ യോഗം തീരുമാനമെടുത്തു.
പട്ടികവർഗ്ഗ മോർച്ച സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, പി.ശ്യാംരാജ്, മുകുന്ദൻ പള്ളിയറ തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിലെ പട്ടികവർഗ്ഗ സീറ്റുകളിൽ പരമാവധി ബിജെപി പ്രതിനിധികളെ മത്സരിപ്പിച്ചു വിജയിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. യുവമോർച്ച, ഒ ബി സി മോർച്ച, വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളുടെ യോഗങ്ങൾ എന്നിവയും കോട്ടയത്ത് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *