തൊടുപുഴ: ഇടുക്കി ചുങ്കം ബിജു ജോസഫ് കൊലക്കേസില്‍ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോള്‍ റെക്കോഡ്. ദൃശ്യം 4 നടത്തി എന്ന് ഇയാള്‍ അവകാശപ്പെടുന്ന റെക്കോഡുകളാണ് ലഭിച്ചത്. ജോമോന്റെ ഫോണിന് ഓട്ടോ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നു.
പോലീസ് ഫോണ്‍ പിടിച്ചെടുത്തപ്പോഴാണ് സംഭാഷണങ്ങള്‍ ലഭിച്ചത്. കൊലനടത്തിയ ശേഷം ജോമോന്‍ കൂട്ടുപ്രതികളെ വിളിച്ചിരുന്നു. ഇത് ദൃശ്യം മോഡല്‍ കൊലപാതകമാണ്. ദൃശ്യം 4 ആണ്. മൃതദേഹം കണ്ടെത്താന്‍ പോലീസിന് ഒരിക്കലുമാകില്ല എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്.
ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. ജോമോന്‍ വിളിച്ച ആളുകളുടെയും മൊഴിയെടുക്കും. ജോമോന്‍ ഉള്‍പ്പെടെയുളള പ്രതികള്‍ക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കി.
ജോമോന്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടായേക്കുമെന്നാണ് വിവരം. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത് ഭാര്യക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നത്. കഴിഞ്ഞ മാസമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്.
കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേര്‍ന്ന് ബിസിനസുകള്‍ നടത്തിയിരുന്നു. ബിജുവുമായി ചേര്‍ന്നുനടത്തിയ ബിസിനസില്‍ നഷ്ടമുണ്ടായെന്ന് ജോമോന്‍ പലതവണ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോന്‍ പലരോടും പറഞ്ഞിരുന്നു.
ഒരുതവണ ബിജുവിന്റെ ഭാര്യയെ വിളിച്ച് ജോമോന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുലര്‍ച്ചെ നാലുമണിക്ക് വീട്ടില്‍നിന്ന് നടക്കാനിറങ്ങിയതിന് ശേഷം ബിജുവിനെ കാണാതാവുകയായിരുന്നു. ജോമാനും സംഘവും ബിജുവിനെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ ബിജു മരിക്കുകയായിരുന്നു.