കൊവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്സിന് അപൂര്‍വ്വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്.
അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്.
കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച പലര്‍ക്കും ഗുരുതരമായ രോഗാവസ്ഥയുണ്ടായെന്നും മരണം വരെ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആസ്ട്രസെനകയ്ക്കെതിരെ നിരവധി പേരാണ് യുകെയില്‍ പരാതിയുമായി എത്തിയത്.
വിവിധ കേസുകളിലായി 51 പരാതികളാണ് കമ്പനിക്കെതിരെയുള്ളത്. 100 ദശലക്ഷത്തോളം പൗണ്ട് വരെ ഇരകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്. നിയമനടപടികള്‍ തുടരുമ്പോഴും വിഷയത്തില്‍ ഇതുവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല.
കൊവിഷീല്‍ഡ് മൂലം രക്തം കട്ടപിടിച്ചെന്നും ഇത് തലച്ചോറിന് സ്ഥിരമായ ക്ഷതമുണ്ടാക്കിയെന്നും ആരോപിച്ച് 2021 ഏപ്രിലില്‍ ആദ്യ പരാതിക്കാരനായ ജാമി സ്കോട്ടാണ് രംഗത്തെത്തിയത്. അന്ന് ഇത് തള്ളിയ ആസ്ട്രസെനെക്ക ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലത്തെ കുറിച്ച് സമ്മതിച്ചത്.
കൊവിഷീല്‍ഡ് സൃഷ്ടിക്കുന്ന ടിടിഎസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം) ആണ് മനുഷ്യരില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നത്.