Aruvithura

അരുവിത്തുറ വല്യച്ചൻമലയിൽ ഇനി തീർഥാടനത്തിന്റെ അമ്പത് നാളുകൾ

അരുവിത്തുറ: കിഴക്കിന്റെ കാൽവരി എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുവിത്തുറ വല്യച്ചൻമലയിൽ അനുതാപ കീർത്തനങ്ങൾ മനസ്സിൽ ഉരുവിട്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഒഴുകിയെത്തും.

അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപത്തിന് മുമ്പിൽ പ്രാർഥിച്ച് നേർച്ച കാഴ്ചകൾ സമർപ്പിച്ച ശേഷമാണ് യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി കൊണ്ട് അനേകായിരങ്ങൾ മലകയറുന്നത്.

വല്യച്ചൻമല ത്യാഗത്തിന്റെയും പാപ പരിഹാരത്തിന്റെയും പ്രായശ്‌ചിത്തത്തിന്റെയും തീർഥപാതയാണ്. വിശ്വാസികളെ സ്വീകരിക്കാൻ വല്യച്ചൻമല ഒരുങ്ങിക്കഴിഞ്ഞു. ഫാ. തോമസ് ഓലിക്കൽ വികാരിയായിരുന്നപ്പോൾ 2013 ൽ സ്ഥാപിതമായ വല്യച്ചൻമലയിൽ വെള്ളിയാഴ്ചകളിലും വലിയ നോമ്പുകാലത്തും സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിനു തീർഥാടകർ ഇതിനോടകം എത്തിക്കഴിഞ്ഞു.

സ്പിരിച്ചൽ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് വിദേശികൾ വല്യച്ചൻ മലയിൽ എത്തുന്നത്. കാൽനടയായും വാഹനത്തിലും മലമുകളിൽ എത്താൻ സാധിക്കും. കാൽനടയായി മലകയറുന്നവർക്കു പോലും ക്ഷീണം തോന്നാത്ത വിധത്തിൽ പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമാണ് വല്യച്ചൻമല.

മലയടിവാരത്തിൽ നിന്ന് കുരിശിന്റെവഴി പ്രാർഥന ചൊല്ലിയാണ് മലമുകളിൽ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിൽ എത്തിച്ചേരുക. മലയിൽ എത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം അവിടെ ഉയർന്നു നിൽക്കുന്ന 108 അടി ഉയരമുള്ള വലിയ കുരിശാണ്.

തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം മലമുകളിൽ ഒരുക്കിയിട്ടുണ്ട്. വിശേഷാൽ അവസരങ്ങളിൽ ലഘു ഭക്ഷണത്തിനും നേർച്ച കഞ്ഞിക്കും ആവശ്യമായ ക്രമീകരണങ്ങളും മലയിൽ സജീകരിച്ചിട്ടുണ്ട്.

എല്ലാ വെള്ളിയാഴ്ചകളിലും നാൽപതാം വെളളിയാഴ്ചയും ദുഃഖവെള്ളിയാഴ്ചയും പതിവു പോലെ കുരിശിന്റെ വഴിയും മറ്റ് തിരുക്കർമ്മങ്ങളും നടത്തുന്നു. അമ്പത് നോമ്പിന്റെ തിരുക്കർമങ്ങൾ ഫെബ്രുവരി 16 ആം തീയതി ആരംഭിച്ച് ഏപ്രിൽ 12 പുതുഞായറാഴ്ചയോടെ സമാപിക്കും. നോമ്പിൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 4 ന് അരുവിത്തുറ ദേവാലയത്തിൽ വി. കുർബാന, തുടർന്ന് വല്യച്ചൻ മലയടിവാരത്തേക്ക് ജപമാല പ്രദക്ഷിണം, 5.15 ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 6ന് മലമുകളിൽ വചന സന്ദേശം, 6.15 ന് വി. കൂർബാന.

തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളും ലഘു ഭക്ഷണവും ഒരുക്കുന്നതിലും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകി തീർഥാടകർക്ക് ആശ്വാസം നൽകുന്നതിലും അരുവിത്തുറ വിശ്വാസ സമൂഹം പ്രകടിപ്പിച്ചു വരുന്ന ജാഗ്രത പ്രശംസനീയമാണ്.

Leave a Reply

Your email address will not be published. Required fields are marked *