പാലാ: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ എല്ലാ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട്, ഒൻപത് ക്ലാസ്സുകളിൽ വച്ച് അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിതബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ് പബ്ലിഷിങ്, ഗ്രാഫിക് ഡിസൈനിങ്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയില് പ്രത്യേക പരിശീലനം നേടി.
സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും പരിശീലനം കൊടുക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് ശ്രദ്ധ വയ്ക്കുന്നു. അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഗ്രൂപ്പ് അസൈൻമെൻറ്, സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിലുള്ള ഇടപെടൽ, റുട്ടീൻ ക്ലാസുകളിലെ ഹാജർ, സ്കൂൾ, സബ്ജില്ലാ, ജില്ല, സംസ്ഥാന തല ക്യാമ്പുകളിലെ പങ്കാളിത്തം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഓരോ കുട്ടിക്കും ഗ്രേഡ് നിർണയിച്ചത്.
ഐസിടി മേഖലയിൽ സാമൂഹിക ഇടപെടൽ നടത്തിയും വിവിധ തനത് പ്രവത്തനങ്ങൾ ചെയ്തും ഡോക്യുമെൻ്റേഷൻ, ഡിജിറ്റൽ മാഗസിൻ, ന്യൂസ് തയ്യാറാക്കൽ എന്നിവയിൽ സജീവമായി പങ്കെടുത്തും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തന നിരതരാണ്.

കൈറ്റ് വഴി സ്കൂളിൽ ലഭ്യമായിരിക്കുന്ന ആർഡിനോ കിറ്റ് ഉപയോഗിച്ച് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് ശ്ലാഘനീയമായ പങ്കുവഹിക്കുന്നു.
ഹെഡ്മിസ്ട്രസ് സി. റ്റെസ് എഫ്.സി.സി, കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ, യൂണിറ്റ് ലീഡർമാരായ ജിസ്സാ എലിസബത്ത് ജിജോ, എസേക്കിയ ജോവൻ ഇൻസെന്റ് എന്നിവർ പ്രവർത്തന വർഷത്തെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.